താങ്ക്‌സ് സെറീന, ഫോര്‍ ദി ഗെയിം, ഫോര്‍ ദി ഷോ ആന്‍ഡ് ഫോര്‍ ദി കറേജ് | ഷബീര്‍ അഹമ്മദ്
DISCOURSE
താങ്ക്‌സ് സെറീന, ഫോര്‍ ദി ഗെയിം, ഫോര്‍ ദി ഷോ ആന്‍ഡ് ഫോര്‍ ദി കറേജ് | ഷബീര്‍ അഹമ്മദ്
ഷബീര്‍ അഹമ്മദ്‌
Saturday, 3rd September 2022, 12:32 pm

താങ്ക് യൂ സെറീന!

തന്റെ അതിദീര്‍ഘമായ, അസാമാന്യമായ, അത്ഭുതകരമായ കരിയര്‍ ജന്മനാട്ടിലെ ഗ്രാന്‍ഡ്സ്ലാമില്‍ അവസാനിപ്പിക്കണം എന്ന ആഗ്രഹം സെറീന പ്രകടിപ്പിച്ചപ്പോള്‍ യു.എസ്. ഓപ്പണ്‍ അധികൃതര്‍ ഒപ്പം നിന്നു. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട, ആധുനിക കാലത്തെ ഏറ്റവും വലിയ യു.എസ്. ടെന്നീസ് താരത്തിന്, ഒരു ലോക ചാമ്പ്യന് ചേര്‍ന്ന യാത്രയയപ്പ് നല്‍കാന്‍ അവര്‍ തീരുമാനിച്ചു.

സെറീനയുടെ ഇപ്പോഴത്തെ ഫോം കണക്കിലെടുത്തു ആദ്യ റൗണ്ടില്‍ തന്നെ മനോഹരമായ കാര്യക്രമങ്ങളാണ് ഫ്‌ലഷിങ് മെഡോസിലെ ബില്ലീ ജീന്‍ ടെന്നീസ് സെന്ററിലെ ഏറ്റവും വലിയ കോര്‍ട്ടില്‍ തയ്യാറാക്കിയിരുന്നത്. സാക്ഷാല്‍ ബില്ലി ജീന്‍ കിംഗിന്റെ വക ആശംസ പ്രസംഗം, സെറീനയുടെ യു.എസ്. ഓപ്പണ്‍ ചരിത്രം പറഞ്ഞുള്ള വീഡിയോ, സെറീനയുടെ സുഹൃത്തും ലോക പ്രശസ്ത മാധ്യമ പ്രവര്‍ത്തകയുമായ ഓപ്പറ വിന്‍ഫ്രിയുടെ സന്ദേശം, കുടുംബത്തോടൊപ്പം കോര്‍ട്ടില്‍ ഫോട്ടോഷൂട്ട് അങ്ങനെ മനോഹരമായ ചടങ്ങാണ് ഒന്നാം റൗണ്ട് കളി കഴിഞ്ഞു അധികൃതര്‍ സെറീനക്ക് സമ്മാനിച്ചത്. കളി ജയിച്ച സെറീന, അത് കാണികള്‍ക്കൊപ്പം ആസ്വദിച്ചു.

രണ്ടാം റൗണ്ടിലും സെറീനയുടെ അവസാന കളി പ്രതീക്ഷിച്ചു ഗാലറികളില്‍ വന്‍ തിരക്കായിരുന്നു. ടൈഗര്‍ വുഡ്സ് പോലെ ലോക പ്രശസ്തരായ പല വ്യക്തികളും സെറീനയുടെ വിരമിക്കല്‍ കളി കാണാന്‍ അവിടെ എത്തിയിരുന്നു. എന്നാല്‍ ലോക രണ്ടാം നമ്പര്‍ താരമായ അന്നേറ്റ് കോണ്ടവെയ്റ്റിനെയും 2-1 എന്ന സ്‌കോറിന് സെറീന മറികടന്നു. ഈ ടെന്നീസ് രാജ്ഞിയുടെ അവസാന കളി കാണാന്‍ വന്ന കാണികള്‍ പക്ഷെ ആ വിജയത്തില്‍ ആഹ്ലാദിച്ചു. ഞാന്‍ അത്ര തിടുക്കത്തിലല്ല എന്നാണ് സെറീന കളി കഴിഞ്ഞു പറഞ്ഞത്.

ഇന്നിപ്പോള്‍ മൂന്നാം റൗണ്ട് കളിക്കാന്‍ സെറീന കോര്‍ട്ടിലേക്ക് പുറപ്പെട്ടപ്പോള്‍ അധികൃതര്‍ സ്വയം പറഞ്ഞു കാണും, യാത്രയയപ്പ് സംബന്ധിച്ച കാര്യങ്ങള്‍ കളി കഴിഞ്ഞു തീരുമാനിക്കാം! ആദ്യ സെറ്റ് 5-7ന് നഷ്ടപ്പെട്ട സെറീന രണ്ടാം സെറ്റ് ടൈ ബ്രെക്കറില്‍ തിരികെ പിടിച്ചു. രണ്ട് സുദീര്‍ഘമായ സെറ്റ് കളിച്ചത് കൊണ്ടാകണം, മൂന്നാം സെറ്റ് സെറീന 1-6ന് അയ്ല ടോംലനോവിച്ചിന് സമ്മാനിച്ചു.

അങ്ങനെ സെറീന വില്യംസ് ലോക ടെന്നീസില്‍ നിന്ന് വിരമിച്ചു. സഹോദരി വീനസ് വില്യംസിനൊപ്പം സെറീന ടെന്നീസ് ലോകത്തിന്റെ കൊടുമുടി കയറിയത് അത്ര അനായേസേനയല്ല. ബുദ്ധിമുട്ടുകളും, തടസ്സങ്ങളും, എതിര്‍പ്പുകളും ഒട്ടനവധിയായിരിന്നു. അതെല്ലാം മറികടന്ന് ഇന്ന് ലോകം ആദരിക്കുന്ന ഒരു കളിക്കാരിയായി മാറിയത് സെറീനയുടെയും കുടുംബത്തിന്റെയും ദൃഢനിശ്ചയവും, ത്യാഗവും കൊണ്ടു മാത്രമാണ്.

24 സിംഗിള്‍സ് ഗ്രാന്‍ഡ്‌സ്‌ലാം, 14 ഡബിള്‍സ് ഗ്രാന്‍ഡ്‌സ്‌ലാം, 4 ഒളിമ്പിക്സ് ഗോള്‍ഡ് മെഡലുകള്‍, നിരവധി WTA ടൂര്‍ ടൈറ്റിലുകള്‍, അങ്ങനെ എണ്ണിയാല്‍ തീരാത്ത വിജയങ്ങളാണ് സെറീനയുടെ പേരില്‍ ഇന്നുള്ളത്.

പക്ഷെ, ഈ ലോക താരത്തിന്റെ ലെഗസി എന്താണ് എന്ന് ചോദിച്ചാല്‍, അതിനുത്തരം കിട്ടുവാന്‍ നാം ലോകത്തെ ലക്ഷക്കണക്കിന് ടെന്നീസ് കോര്‍ട്ടുകളിലേക്കു നോക്കണം. അവിടെ ഇന്ന് ടെന്നീസ് കളിക്കുന്ന കൊച്ചു പെണ്‍കുട്ടികള്‍ ഈ കളിയിലേക്ക് വരാന്‍ കാരണം സെറീന എന്ന പേരാണ്.

പെണ്‍കുട്ടികള്‍ കളിക്കാന്‍ കോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ ഉള്ളിലെ നിറങ്ങള്‍ മറച്ചു വയ്ക്കേണ്ട എന്നു കാണിച്ചത് സെറീനയാണ്. തങ്ങളുടെ ഇഷ്ട വസ്ത്രങ്ങള്‍ അലമാരയില്‍ തൂക്കാനുള്ളതല്ല, പകരം അവയിലൂടെ തങ്ങളുടെ വ്യക്തിത്വം കോര്‍ട്ടിലും അണിയാം എന്നു പഠിപ്പിച്ചത് സെറീനയാണ്. അവര്‍ക്ക് സ്വതന്ത്രമായി കളിക്കാം എന്ന് ധൈര്യം കൊടുത്തത് സെറീനയാണ്. നമുക്ക് വിശ്വസിക്കാം, കളിയില്‍ നിന്ന് വിരമിച്ചെങ്കിലും സെറീനയുടെ ഉള്ളിലെ ടെന്നീസ് ഇനിയുള്ള കാലത്തും ലോകത്തെ കൊച്ചു ടെന്നീസ് കളിക്കാരികളെ പ്രചോദിപ്പിക്കും എന്ന്.

താങ്ക്‌സ് സെറീന, ഫോര്‍ ദി ഗെയിം, ഫോര്‍ ദി ഷോ ആന്‍ഡ് ഫോര്‍ ദി കറേജ്

Content Highlight: Shabeer Ahamed writes about Serena Williams