ഏഷ്യാ കപ്പില്‍ ഇന്ന് വൈകിട്ട് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുക നിലനില്‍പ്പിന്റെ കളിയാകും. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം എന്നതില്‍ കവിഞ്ഞ്, ഏഷ്യാ കപ്പില്‍ പിടിച്ചുനില്‍ക്കാനുള്ള മത്സരം കൂടിയാണിത്. ഇതിനെല്ലാം അപ്പുറം, ഏഷ്യന്‍ ക്രിക്കറ്റില്‍ തങ്ങള്‍ക്കുള്ള സ്ഥാനം നഷ്ടപ്പെടാതിരിക്കാനുള്ള കളി കൂടിയാണിത്.
തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് തോറ്റ ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം 7.30ന് ദുബായില്‍ വച്ചാണ് മത്സരം നടക്കുന്നത്.
ഏഷ്യന്‍ ക്രിക്കറ്റിലും ലോക ക്രിക്കറ്റിലും ഒരുകാലത്ത് അദ്ഭുതകരമായ പ്രകടനം കാഴ്ചവെച്ച ടീമാണ് ശ്രീലങ്ക. കഴിഞ്ഞ ഒന്നുരണ്ട് വര്‍ഷമായി അവരുടെ പ്രകടനം ആ നിലയില്‍ നിന്നും വളരെ താഴെയാണ്.
ഒരു വേള്‍ഡ് കപ്പ് നേടിയ ടീമിന്റെ നിലവാരത്തില്‍ കളിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. പ്രാദേശിക-രാഷ്ട്രീയ പ്രശ്‌നങ്ങളും, അതിലേറെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിലെ പടലപ്പിണക്കങ്ങളും ആ മരതക ദ്വീപിന്റെ കളിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ബംഗ്ലാദേശാണെങ്കില്‍ അടുത്ത കാലത്ത് ഉയര്‍ന്ന് ലോക ക്രിക്കറ്റില്‍ സ്ഥാനം പിടിച്ച ടീമാണ്. ഏതൊരു മുന്‍നിര ടീമിനും വെല്ലുവിളി ഉയര്‍ത്താന്‍ കാമ്പുള്ള ക്രിക്കറ്റ് ടീം. അവരാണ് ശ്രീലങ്കയെ പോലെ അഫ്ഗാനിസ്ഥാനോട് തോറ്റ് നില്‍ക്കുന്നത്.
അന്താരാഷ്ട്ര തലത്തില്‍ ഉഭയകക്ഷി ടൂറുകളിലൂടെ നടക്കുന്ന കളിയാണ് ക്രിക്കറ്റ്. ഇപ്പോള്‍ തന്നെ ലോക ക്രിക്കറ്റ് കലണ്ടര്‍ ടൂറുകള്‍ കൊണ്ടും, ഐ.സി.സി ടൂര്‍ണമെന്റുകള്‍ കൊണ്ടും, ഐ.പി.എല്‍ പോലുള്ള പ്രാദേശിക ലീഗുകള്‍ കൊണ്ടും നിറഞ്ഞിരിക്കുകയാണ്.
ഇത്തരം സാഹചര്യത്തില്‍ ഏതെങ്കിലും ഒരു ടീം അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ സ്ഥിരമായി മോശം പ്രകടനം കാഴ്ചവെച്ചാല്‍, അവരുമായി ടെസ്റ്റ് അല്ലെങ്കില്‍ ഏകദിന ടൂറിന് മറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ മടിക്കും.
കൂടാതെ, അഫ്ഗാന്‍ പോലെ വളര്‍ന്ന് വരുന്ന ടീമുകള്‍ കൂടുതല്‍ മാച്ചുകള്‍ക്കായി മുറവിളി കൂട്ടിക്കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് അവസരം നല്‍കണമെങ്കില്‍ വേറൊരു ടീമിനെ തഴയേണ്ടി വരും.
ശ്രീലങ്കന്‍ ടീമിനും, ബംഗ്ലാദേശ് ടീമിനും ഇത് നന്നായി അറിയാം. അത് കൊണ്ടുതന്നെ ഇന്ന് കളി ജയിച്ച്, ടൂര്‍ണമെന്റിലെ തങ്ങളുടെ സ്ഥാനത്തിനൊപ്പം ലോക ക്രിക്കറ്റിലുള്ള സ്ഥാനവും കാക്കേണ്ടത് അവര്‍ക്ക് അത്യാവശ്യമാണ്, നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.