തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ആളിക്കത്തിക്കാൻ ലക്ഷ്യമിട്ട് ശബരിമല കർമ്മസമിതി
തിരുവനന്തപുരം: ശബരിമല പ്രശ്നം തെരഞ്ഞെടുപ്പ് വിഷയമായി ഉയർത്തിക്കാട്ടാനായി ഇന്ന് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നാമജപ പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുന്നിലാണ് ശബരിമല കർമ്മ സമിതിയുടെ നാമജപ പ്രതിഷേധം. ഇതിനായി നോട്ടീസുകളും ഫ്ലക്സുകളും കർമ്മസമിതി തയാറാക്കിയിട്ടുണ്ട്.
വിഷയം പ്രചരിപ്പിക്കുന്നതിനായി സംസ്ഥാനത്തൊട്ടാകെ കൂറ്റൻ ബോർഡുകൾ സ്ഥാപിക്കുകയും വീടുകളിൽ ലഘുലേഖ വിതരണവും കർമ്മസമിതി തുടങ്ങി. ‘മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത്’ എന്നതാണ് കർമ്മസമിതിയുടെ മുദ്രാവാക്യം. ശബരിമല സമരത്തിൽ പങ്കെടുത്തവർക്കെതിരെ കള്ളക്കേസുകൾ എടുക്കുന്നുവെന്നും കർമ്മസമിതി ആരോപിക്കുന്നുണ്ട്. കർമ്മസമിതി ശബരിമല വിഷയം തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനെതിരെ ഇടത് മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
എന്നാൽ സമിതിയുമായി ബന്ധമില്ലെന്ന് ബി.ജെ.പി. ഉറപ്പിച്ചു പറയുന്നുണ്ട്. പോസ്റ്ററുകളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒന്നുമില്ലെന്ന് ശബരിമല കർമ്മസമിതിയും പറയുന്നു. കർമ്മസമിതിയുടെ നോട്ടീസുകൾ കഴിഞ്ഞ ദിവസം ആറ്റിങ്ങലിൽ നിന്ന് പിടിച്ചെടുത്തിരുന്നു. കർമ്മസമിതിയുടെ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് തിരുവനന്തപുരം സബ് കളക്ടർ ജി.പ്രിയങ്ക പറഞ്ഞു.