| Wednesday, 22nd May 2024, 5:52 pm

വിവരമില്ലാത്ത പ്രായമായിരുന്നത് കൊണ്ടായിരിക്കാം പ്രേമം കൊള്ളാമെന്ന് തോന്നിയത്: ശബരീഷ് വര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2015ല്‍ നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് പ്രേമം. സായി പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവര്‍ നായികമാരായി എത്തിയ ചിത്രം വലിയ വിജയമായിരുന്നു.

ശബരീഷ് വര്‍മ, കൃഷ്ണ ശങ്കര്‍, സിജു വില്‍സണ്‍, അനന്ത് നാഗ്, വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍ തുടങ്ങിയ വന്‍ താരനിര ഒന്നിച്ച ചിത്രം ഇന്നും മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ്.

താന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ ഇന്നും ആളുകള്‍ വന്ന് സംസാരിക്കുന്ന സിനിമ ഏതാണെന്ന ചോദ്യത്തിന് ‘പ്രേമം’ എന്ന് മറുപടി നല്‍കുകയാണ് ശബരീഷ് വര്‍മ. ശംഭുവെന്ന കഥാപാത്രമായിട്ടായിരുന്നു താരം പ്രേമത്തില്‍ എത്തിയിരുന്നത്.

ആ കഥാപാത്രത്തിന്റെ മുകളിലേക്ക് വളരുക എന്നതാണ് തന്റെ ആഗ്രഹമെന്നും അത് തന്നെയാണ് തന്റെ ഏറ്റവും വലിയ ചലഞ്ചും റെസ്‌പോണ്‍സിബിളിറ്റിയെന്നും ശബരീഷ് കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ ടര്‍ബോയുടെ പ്രൊമോഷന്റെ ഭാഗമായി മിര്‍ച്ചി മലയാളത്തിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഇപ്പോഴും പ്രേമത്തെ കുറിച്ചാണ് ആളുകള്‍ വന്ന് പറയാറുള്ളത്. അതിന്റെ മുകളിലേക്ക് വളരുക എന്നതാണ് എന്റെ ആഗ്രഹം. അത് തന്നെയാണ് എന്റെ ഏറ്റവും വലിയ ചലഞ്ചും റെസ്‌പോണ്‍സിബിളിറ്റിയും. എനിക്ക് പ്രേമത്തിന്റെയും ശംഭുവിന്റെയും മുകളിലേക്ക് പോകണം. അതൊരു മോശമായിട്ടല്ല ഞാന്‍ പറയുന്നത്.

ഈ വര്‍ഷവും പ്രേമം ചെന്നൈയില്‍ റീ റിലീസ് ചെയ്തിരുന്നു. പ്രേമത്തിലെ ആ കഥാപാത്രത്തെ ആളുകള്‍ ഇന്നും ഇഷ്ടപ്പെടുന്നു. ഇത് എന്റെ കാര്യം മാത്രമല്ല. പ്രേമത്തില്‍ അഭിനയിച്ചിട്ടുള്ള എല്ലാവരുടെയും കാര്യം ഇങ്ങനെ തന്നെയാണ്. എനിക്ക് പ്രേമം ഹിറ്റാകുമെന്ന് ഉറപ്പായിരുന്നു.

സിനിമയെടുക്കുന്നത് കാണുമ്പോള്‍ തന്നെ ഇത് എന്തായാലും ഫ്‌ളോപ്പാകില്ലെന്ന ധാരണ ഉണ്ടായിരുന്നു. നമുക്ക് വിവരമില്ലാത്ത പ്രായമായിരുന്നത് കൊണ്ടായിരിക്കാം കണ്ടപ്പോള്‍ ‘ഇത് കൊള്ളാം അളിയാ’ എന്ന് തോന്നിയത്. ഇനി ഇപ്പോള്‍ എന്തുപറഞ്ഞാലും സിനിമ ഹിറ്റായല്ലോ. ഞങ്ങള്‍ക്ക് ഈ സിനിമ ഹിറ്റാകുമെന്ന് അറിയാമായിരുന്നു എന്നൊക്കെ പറയുന്നത് കൊണ്ട് കുഴപ്പമില്ല,’ ശബരീഷ് പറഞ്ഞു.


Content Highlight: Shabareesh Varma Talks About Premam Movie

We use cookies to give you the best possible experience. Learn more