ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ മൂവീസിലെ ഒന്നാംസ്ഥാനം സ്വന്തമാക്കിയ മലയാള സിനിമയാണ് ടര്‍ബോ. മമ്മൂട്ടി നായകനാകുന്ന ചിത്രം പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
സിനിമാ പ്രേമികള്‍ ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുന്‍ മാനുവല്‍ തോമസാണ്. വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.
മാസ് ആക്ഷന്‍ കോമഡി ഴോണറില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് ശബരീഷ് വര്‍മ. ടര്‍ബോയില്‍ ജെറി എന്ന പേരിലാണ് ശബരീഷെത്തുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് താരം.
ടര്‍ബോ ഒരു മാസ് മസാല മൂഡുള്ള സിനിമയാണെന്നും അത് ഹിറ്റാകണമെന്ന് വലിയ ആഗ്രഹമുണ്ടെന്നുമാണ് ശബരീഷ് പറയുന്നത്. കണ്ണൂര്‍ സ്‌ക്വാഡിനേക്കാള്‍ വലിയ ചിത്രമാണ് ടര്‍ബോയെന്നും അതിനേക്കാള്‍ ഒരുപാട് ദിവസമെടുത്ത് ഷൂട്ട് ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു.
‘ടര്‍ബോ മാസ് മസാല മൂഡാണ്. ഇത് ഹിറ്റാകണമെന്ന് വളരെ വലിയ ആഗ്രഹമുണ്ട്. കാരണം അങ്ങനെയുള്ള ഒരു അവസ്ഥയിലാണ് നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡിനേക്കാള്‍ വലിയ പടമാണ് ടര്‍ബോ. അതിനേക്കാള്‍ ഒരുപാട് ദിവസമെടുത്ത് ഷൂട്ട് ചെയ്ത സിനിമ കൂടെയാണ്. ടര്‍ബോയില്‍ ഒരുപാട് സ്റ്റാര്‍ കാസ്റ്റുണ്ട്. വലിയ ക്യാന്‍വാസിലുള്ള പടമാണ്.
കുറേ കാര്യങ്ങളില്‍ ഇതെന്റെ ആദ്യത്തെ പടമാണെന്ന് വേണം പറയാന്‍. ഞാന്‍ ആദ്യമായാണ് ഇത്ര വലിയ കഥാപാത്രം ചെയ്യുന്നത്. ആദ്യമായാണ് വൈശാഖേട്ടനെ പോലെയുള്ള ഇത്ര വലിയ ഡയറക്ടറുടെ കൂടെ വര്‍ക്ക് ചെയ്യുന്നത്. മിഥുനിനൊപ്പം വര്‍ക്ക് ചെയ്യുന്നതും ആദ്യമായിട്ടാണ്. അങ്ങനെ ഒരുപാട് കാര്യങ്ങളുള്ളത് കൊണ്ട് എനിക്ക് ഈ സിനിമ ഹിറ്റായേ പറ്റുള്ളൂ,’ ശബരീഷ് വര്‍മ പറഞ്ഞു.
Content Highlight: Shabareesh Varma Talks About Kannur Squad And Turbo