2015ല്‍ നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് പ്രേമം. സായി പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവര്‍ നായികമാരായി എത്തിയ ചിത്രം വലിയ വിജയമായിരുന്നു.
ശബരീഷ് വര്‍മ, കൃഷ്ണ ശങ്കര്‍, സിജു വില്‍സണ്‍, അനന്ത് നാഗ്, വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍ തുടങ്ങിയ വന്‍ താരനിര ഒന്നിച്ച ചിത്രം ഇന്നും മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ്. ചിത്രത്തിലെ പാട്ടുകൾ തെന്നിന്ത്യയൊട്ടാകെ വലിയ ശ്രദ്ധ നേടിയിരുന്നു. രാഗേഷ് മുരുകേഷൻ സംഗീതം നൽകിയ പാട്ടുകൾക്ക് നടൻ കൂടിയായ ശബരീഷ് വർമയായിരുന്നു വരികൾ എഴുതിയത്.
ചിത്രത്തിലെ, സീൻ കോൺട്രാ, കലിപ്പ് എന്നീ പാട്ടുകൾ താൻ ആദ്യമേ എഴുതിവെച്ചതായിരുന്നുവെന്നും പ്രേമത്തിൽ യൂസ് ചെയ്‌താൽ നന്നാവും എന്ന് തോന്നിയത് കൊണ്ടാണ് അതെടുത്തതെന്നും ശബരീഷ് പറയുന്നു. സീൻ കോൺട്രാ സോങ് സിംഗിളായി ഇറക്കുകയാണെങ്കിൽ റോമിലോ യൂറോപ്പിലോ ഷൂട്ട് ചെയ്യാനായിരുന്നു താൻ കരുതിയതെന്നും ശബരീഷ് പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.
‘പ്രേമത്തിന്റെ സമയത്ത് ഞാൻ അൽഫോൺസിനോട് ചോദിക്കുകയായിരുന്നു ഞാൻ ഇതിലെ പാട്ടുകൾ എഴുതിക്കോട്ടേയെന്ന്. ഞാൻ ഓൾറെഡി എഴുതി ഇവരുടെ ഏതെങ്കിലും സിനിമയിൽ ഉപയോഗിക്കാം എന്ന് കരുതി മാറ്റിവെച്ച പാട്ടുകളായിരുന്നു സീൻ കോൺട്രായും കലിപ്പും
പ്രേമം എന്ന സിനിമ ചിന്തിക്കുന്നതിന്റെ ഒരു ഒന്നര വർഷം മുമ്പ് തന്നെ സീൻ കോൺട്രാ എന്ന പാട്ട് സെറ്റായതാണ്. അത് സിംഗിളായിട്ട് ചെയ്യാം, റോമിലോ യൂറോപ്പിലോ പോയി ഷൂട്ട് ചെയ്യാം എന്ന പ്ലാനിൽ നിൽക്കുകയായിരുന്നു.
ആ സമയത്ത് കട്ടൻ കാപ്പി എന്ന പേരിൽ ഞങ്ങളുടെ ഫ്രണ്ട്സ് എല്ലാവരും ചേർന്നൊരു ഷോർട്ട് ഫിലിം ചെയ്തിരുന്നു. അതിൽ ഞാൻ പാട്ട് എഴുതിയിരുന്നു. ഒരിക്കലും സിനിമയിൽ എഴുതണമെന്ന് ഞാൻ കരുതിയില്ലായിരുന്നു.
പ്രേമം ഓൺ ആയി കഴിഞ്ഞപ്പോൾ ഈ സീൻ കോൺട്രയൊക്കെ നമുക്കതിനകത്ത് പ്ലേസ് ചെയ്യാൻ കഴിയുമെന്ന് മനസിലായി. ചർച്ചകൾ നടന്നപ്പോൾ ഇതിനകത്തെ ബാക്കി പാട്ടുകളും ഞാൻ ട്രൈ ചെയ്യട്ടെയെന്ന് ചോദിച്ചപ്പോൾ എല്ലാവർക്കും സമ്മതമായിരുന്നു. അങ്ങനെ ആലുവ പുഴ എന്ന പാട്ട് ആദ്യം എഴുതി. അങ്ങനെ ഓരോ പാട്ടുകളും എഴുതി നോക്കി,’ ശബരീഷ് വർമ പറയുന്നു.
Content Highlight: Shabareesh Varma Talk About Scene Contra Song In Premam Movie