നടൻ എന്ന നിലയിൽ മലയാളികൾക്ക് സുപരിച്ചിതനാണ് ശബ്‍രീഷ് വർമ. പ്രേമം സിനിമയിൽ അവതരിപ്പിച്ച ശംഭു എന്ന കഥാപാത്രത്തിലൂടെയാണ് ശബരീഷ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. എന്നാൽ നടൻ എന്നതിലുപരി ഒരു ഗാന രചയിതാവും മ്യൂസിക് കമ്പോസറുമായ തന്നെ പ്രേക്ഷകർക്ക് വലിയ രീതിയിൽ അറിയില്ല എന്നാണ് താരം പറയുന്നത്.
അൽഫോൺസ് പുത്രൻ ഒരുക്കിയ നേരത്തിലെ പിസ്ത പാട്ടും, പ്രേമത്തിലെ സീൻ കോണ്ട്രയും മലരേ പാട്ടുമെല്ലാം ശബരീഷിന്റെ തൂലികയിൽ പിറന്നതാണ്.
സൗത്ത് ഇന്ത്യ മൊത്തം ഹിറ്റായ പിസ്തയും പ്രേമത്തിലെ പാട്ടുമെല്ലാം താൻ എഴുതിയതാണെന്ന് പ്രേക്ഷകർക്ക് അറിയാമെന്നും, എന്നാലും ഒരു നടൻ എന്ന നിലയിലാണ് തന്നെ കൂടുതൽ പരിഗണിക്കുന്നതെന്നും ശബരീഷ് പറഞ്ഞു.
നേരം, പ്രേമം, ജയ ജയ ജയ ജയഹേ, നാം, ഡബിൾ ബാരൽ തുടങ്ങിയ സിനിമകളിലെ പാട്ടുകളിൽ ശബരീഷിന്റെയും സംഭാവനകളുണ്ട്. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.
‘എന്നെ അധികം പേരും അറിയുന്നത് ഒരു നടൻ എന്ന നിലയിലാണ്. കുറേ പ്രേക്ഷകർ എന്നെ കണക്റ്റ് ചെയ്യുന്നത് പിസ്ത പാട്ടും സീൻ കോണ്ട്രയുമെല്ലാം വെച്ചിട്ടാണ്. ചില ആളുകൾ എന്നെ ഏതൊക്കെയോ സിനിമയിൽ അഭിനയിച്ച ഒരു നടൻ എന്ന നിലയിൽ പരിഗണിക്കുന്നു.
വളരെ കുറച്ച് ആളുകൾ മാത്രമേ നല്ല ഡീറ്റെയിൽഡ് ആയി ഇന്ന സിനിമകളിലെ പാട്ടുകളും ഇയാൾ എഴുതിയിട്ടുണ്ട് എന്ന നിലയിൽ കണക്റ്റ് ചെയ്യുന്നത്. അല്ലെങ്കിൽ കുറച്ചു പേർക്ക് മാത്രമേ അത് അറിയുകയുള്ളു. എന്നെ അങ്ങനെ അറിയുന്നവർ വളരെ കുറവാണ് ആക്ച്വലി.
ഒരു പാട്ടിന്റെ റൈറ്റർ ആരാണെന്ന് അന്വേഷിച്ച് പോവുന്ന പ്രവണത സാധാരണ പ്രേക്ഷകർക്കിടയിൽ വളരെ കുറവാണ്. പക്ഷെ സീൻ കോണ്ട്രയും പിസ്തയും എല്ലാവർക്കും അറിയാം. അത് എല്ലാവരും കണക്റ്റ് ചെയ്യാറുണ്ട്. കൂടുതലും സീൻ കോണ്ട്രയാണ്.
കാരണം ആ പാട്ടിൽ ഞാൻ പറയുന്നുണ്ട്. ഞാൻ തന്നെ എഴുതി ഞാൻ തന്നെ കമ്പോസ് ചെയ്ത പാട്ടെന്ന് പറഞ്ഞാണ് അതിൽ അഭിനയിക്കുന്നത്. അതുകൊണ്ട് അത് ആളുകൾക്ക് അറിയാം. എന്റെ ബാക്കി പാട്ടുകൾ ഞാനാണ് എഴുതിയിട്ടുള്ളത് എന്ന് അറിയാത്ത ഒരുപാട് പേരുണ്ട്,’ ശബരീഷ് പറയുന്നു.
Content Highlight: Shabareesh Varma Says That People Don’t Really Know That I Write Songs