ആവേശം സിനിമ കണ്ട പലരും എടുത്തു പറഞ്ഞ കാര്യമാണ് സിനിമയിലെ ആര്‍ട്ട് വര്‍ക്ക്. മയൂരി ബാറും, രംഗന്റെ വീടും, ബര്‍ത്ത് ഡേ പാര്‍ട്ടിയുടെ ആഘോഷവും എല്ലാം മികച്ചതാക്കിയതിന് പിന്നില്‍ അശ്വിനി കാളെ എന്ന പ്രൊഡക്ഷന്‍ ഡിസൈനറാണ്. ഹൃദയത്തിന്റെയും പ്രൊഡക്ഷന്‍ ഡിസൈനറായ അശ്വിനി, നടനും ഗാനരചയിതാവുമായ ശബരീഷ് വര്‍മയുടെ ജീവിതപങ്കാളിയാണ്.
ആവേശവും കണ്ണൂര്‍ സ്‌ക്വാഡും ഏകദേശം ഒരേസമയം ആരംഭിച്ച സിനിമയാണെന്നും മൂന്ന് മാസത്തോളം താനും ഭാര്യയും തമ്മില്‍ കണ്ടിട്ടില്ലെന്ന് പറയുകായാണ് ശബരീഷ് വര്‍മ. മൂന്ന് മാസം പരസ്പരം കാണാതെയിരുന്നപ്പോള്‍ ഭാര്യയും ഭര്‍ത്താവുമാണെന്ന കാര്യം തങ്ങള്‍ മറന്നുപോയെന്നും താരം പറഞ്ഞു.
ആവേശത്തിന് വേണ്ടി ഒരേസമയം അഞ്ച് സെറ്റുകള്‍ ഇട്ടിരുന്നുവെന്നും ഹെക്ടിക് ആയിട്ടുള്ള വര്‍ക്കായിരുന്നെന്നും ശബരീഷ് പറഞ്ഞു. സിനിമയിലെ മയൂരി ബാറിനുള്ള റഫറന്‍സിന് വേണ്ടി അശ്വിനി വളരെയധികം കഷ്ടപ്പെട്ടുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ശബരീഷിന്റെ പുതിയ ചിത്രമായ ടര്‍ബോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ശബരീഷ് ഇക്കാര്യം പറഞ്ഞത്
‘ആവേശത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കും കണ്ണൂര്‍ സ്‌ക്വാഡിന്റെ ഷൂട്ടും ഏതാണ്ട് ഒരേസമയത്താണ് തുടങ്ങിയത്. അത് കാരണം ഞാനും അശ്വിനിയും മൂന്ന് മാസത്തോളം പരസ്പരം കണ്ടിട്ടില്ലായിരുന്നു. ഭാര്യയും ഭര്‍ത്താവുമാണെന്ന കാര്യം പോലും ഞങ്ങള്‍ മറന്നുപോയിരുന്നു. ആവേശത്തിന്റെ സെറ്റിലൊക്കെ ഞാന്‍ പോയിരുന്നു. അവള്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ വര്‍ക്കായിരുന്നു അത്.
ഒരേസമയം അഞ്ച് സെറ്റ് അവള്‍ക്ക് തയാറാക്കണമായിരുന്നു. ആ സിനിമയില്‍ കാണുന്ന മിക്ക സ്ഥലവും സെറ്റിട്ടതാണ്. ആ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് വേണ്ടി മൊബൈല്‍ സ്വിമ്മിങ് പൂള്‍, മിനി ബാര്‍ എല്ലാം സെറ്റ് ചെയ്യാന്‍ പാടായിരുന്നു. അതുപോലെ മയൂരി ബാര്‍. അങ്ങനെയൊരു ബാര്‍ സെറ്റിടാന്‍ വേണ്ടിയുള്ള റഫറന്‍സിന് വേണ്ടി ഒരുപാട് ബാറില്‍ കയറിയിറങ്ങി. ഒടുവില്‍ ആവേശം തിയേറ്ററില്‍ നിന്ന് കണ്ടപ്പോഴാണ് അവള്‍ ചെയ്തുവെച്ച വര്‍ക്കിന്റെ വലുപ്പം മനസിലായത്,’ ശബരീഷ് പറഞ്ഞു.
Content Highlight: Shabareesh Varma about his wife Ashwini Kale’s art work in Aavesham