മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍ ദി കോര്‍. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം ഈ വര്‍ഷത്തെ മികച്ച സിനിമക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. സ്വവര്‍ഗാനുരാഗം പ്രധാനപ്രമേയമായി വന്ന ചിത്രം കേരളത്തിന് പുറത്തും ചര്‍ച്ചചെയ്യപ്പെട്ടു. മമ്മൂട്ടിയുടെ പെര്‍ഫോമന്‍സിനെയും ചിത്രം നിര്‍മിക്കാന്‍ മമ്മൂട്ടി കാണിച്ച ധൈര്യത്തെയും ഇന്ത്യന്‍ സിനിമയിലെ പലരും പ്രശംസിച്ചിരുന്നു.
കാതലിനെയും മമ്മൂട്ടിയെയും പ്രശംസിക്കുകയാണ് അഭിനേത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ശബാന ആസ്മി. കാതല്‍ എന്ന സിനിമ കണ്ടിരുന്നു എന്നും മമ്മൂട്ടി കാതലില്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും ശബാന പറയുന്നു. ഹിന്ദിയിലെ ഒരു താരവും കാണിക്കാത്ത ധൈര്യമാണ് കാതല്‍ എന്ന സിനിമയില്‍ മമ്മൂട്ടി എടുത്തതെന്നും ചിത്രം നിര്‍മിച്ചതും അദ്ദേഹം ആണെന്ന് അറിഞ്ഞപ്പോള്‍ മമ്മൂട്ടിയോടുള്ള തന്റെ ബഹുമാനം കൂടിയെന്നും നടി കൂട്ടിച്ചേര്‍ത്തു.
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ വരവോടെ ലോകശ്രദ്ധതന്നെ ആകര്‍ഷിക്കാന്‍ മലയാളം സിനിമകള്‍ക്ക് കഴിയുന്നുണ്ടെന്നും മലയാളം സിനിമ ഇന്ത്യന്‍ സിനിമക്ക് വെളിച്ചമാക്കുന്നുണ്ടെന്നും ശബാന പറഞ്ഞു. ഐ.എഫ്.എഫ്.കെക്ക് വേണ്ടി തിരുവനന്തപുരത്തെത്തിയപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ശബാന ആസ്മി.
‘ഇനിയും കൂടുതല്‍ സമയം ഐ.എഫ്.എഫ്.കെയില്‍ ചെലവഴിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ സമയത്തിന്റെ പരിമിതി മൂലം എനിക്ക് പോയെ പറ്റൂ. ഐ.എഫ്.എഫ്.കെയിലെ ചിത്രങ്ങളും കാണികളും വളരെ മികച്ചതാണ്.
ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടന ചിത്രം ഞാന്‍ കണ്ടിരുന്നു. വളരെ മികച്ച കാണികളാണ് ആ സിനിമക്കുണ്ടായിരുന്നത്. പ്രേക്ഷകരുടെ ശ്രദ്ധ മുഴുവനും ആ സിനിമയിലേക്ക് ആകുന്നതില്‍ കൂടുതലൊന്നും ഒരു ആര്‍ട്ടിസ്റ്റും ആഗ്രഹിക്കുന്നില്ല.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്നവര്‍ക്കെല്ലാം മുമ്പ് അടൂരിന്റെ സിനിമകളൊക്കെ പരിചയം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ വരവോടെ ലോകശ്രദ്ധതന്നെ ആകര്‍ഷിക്കാന്‍ മലയാളം സിനിമകള്‍ക്ക് കഴിയുന്നുണ്ട്. മലയാളം സിനിമ ഇന്ത്യന്‍ സിനിമക്ക് വെളിച്ചമാകുന്നുണ്ട്.
മലയാളത്തില്‍ അഭിനയിക്കാന്‍ ഒരുപാട് ഓഫാറുകള്‍ വന്നിരുന്നു. എന്നാല്‍ ഭാഷയുടെ പരിമിതികള്‍ ഉള്ളതുമൂലം എനിക്ക് അഭിനയിക്കാന്‍ കഴിയില്ല. എനിക്ക് മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും ഭാഷ ഒരു തടസമാണ്.
മമ്മൂട്ടിയുടെ കാതല്‍ എന്ന സിനിമ ഞാന്‍ കണ്ടിരുന്നു. മമ്മൂട്ടി സാര്‍ കാതലില്‍ എന്നെ അത്ഭുതപ്പെടുത്തി. ഒരു ഹിന്ദി താരവും കാണിക്കാത്ത ധൈര്യമാണ് കാതല്‍ എന്ന സിനിമയില്‍ മമ്മൂട്ടി സാര്‍ എടുത്തത്. അദ്ദേഹം അതില്‍ അഭിനയിക്കുക മാത്രമല്ല ആ ചിത്രം നിര്‍മിക്കുക കൂടി ചെയ്തിട്ടുണ്ട് എന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തോടുള്ള എന്റെ ബഹുമാനം കൂടി,’ ശബാന ആസ്മി പറയുന്നു.
Content Highlight: Shabana Azmi Talks About Mammootty And Kaathal The Core Movie