| Friday, 11th February 2022, 3:47 pm

ധൈര്യമുണ്ടെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ ബുര്‍ഖ ധരിക്കാതെ നടന്നു കാണിക്കെന്ന് കങ്കണ; ചുട്ട മറുപടി നല്‍കി ഷബാന ആസ്മി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ണാടകയില്‍ നടക്കുന്ന ഹിജാബ് വിവാദങ്ങള്‍ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. മതം അനുശാസിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് ധൈര്യം പ്രകടിപ്പിക്കലല്ലെന്നും, അഫ്ഗാനിസ്ഥാനില്‍ ബുര്‍ഖ ധരിക്കാതെ നടന്ന് ധൈര്യം പ്രകടിപ്പിക്കൂ എന്നുമായിരുന്നു കങ്കണയുടെ പ്രതികരണം. മതമെന്ന കൂട്ടിനുള്ളില്‍ ഒതുങ്ങാതെ പുറത്തു വരാനും കങ്കണ ആവശ്യപ്പെടുന്നുണ്ട്.

ഇസ്‌ലാമിക വിപ്ലവം വരുന്നതിന് മുന്‍പ് മുസ്‌ലിം സ്ത്രീകള്‍ ബിക്കിന് ധരിച്ച് ബീച്ചില്‍ ഇരിക്കുന്ന ട്വീറ്റ് പങ്കുവെച്ചായിരുന്നു കങ്കണയുടെ പ്രതികരണം. ഇതിന് പിന്നാലെ കങ്കണയ്ക്ക് മറുപടിയുമായി നടി ഷബാന ആസ്മിയും രംഗത്തെത്തിയിരുന്നു.

കങ്കണ റണാവത്ത്

‘ഞാന്‍ പറയുന്നത് തെറ്റാണെങ്കില്‍ ദയവായി എന്നെ തിരുത്തൂ. അഫ്ഗാനിസ്ഥാന്‍ ഒരു മതരാജ്യമാണ്. എന്നാല്‍ ഇന്ത്യ ഒരു മതേതര-ജനാധിപത്യ രാജ്യമാണെന്നാണ് ഞാന്‍ അവസാനം പരിശോധിച്ചപ്പോള്‍ കണ്ടത്,’ എന്നായിരുന്നു കങ്കണയുടെ സ്‌റ്റോറി പങ്കുവെച്ചുകൊണ്ട് ഷബാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഷബാന ആസ്മി

അതേസമയം, ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് കൊണ്ടു വരരേണ്ട ആവശ്യമില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ഇപ്പോള്‍ ഇക്കാര്യം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കേണ്ടെന്നും ഉചിതമായ സമയത്ത് വിഷയം ചര്‍ച്ച ചെയ്യുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ ഒരു വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച ഹരജിയിന്മേലാണ് ജസ്റ്റിസ് എന്‍.വി. രമണ ഇക്കാര്യമറിയിച്ചത്. മതപരമായ ഒരു വസ്ത്രവും കോളേജുകളില്‍ അനുവദിക്കേണ്ടതില്ല എന്ന വിശാല ബെഞ്ചിന്റെ ഉത്തരവിനെതിരെയായിരുന്നു വിദ്യാര്‍ത്ഥിനി സുപ്രീം കോടതിയെ സമീപിച്ചത്.

‘ഇതൊന്നും ദേശീയ തലത്തിലേക്ക് കൊണ്ടു വരേണ്ട ആവശ്യമില്ല. ഉചിതമായ സമയത്ത് മാത്രം വിഷയത്തില്‍ സുപ്രീം കോടതി ഇടപെടും,’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അടിയന്തരമായി ഹിയറിംഗ് നടത്തേണ്ടതില്ലെന്ന് രമണ അറിയിച്ചത്.

കേസ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കഴിഞ്ഞ 10 വര്‍ഷത്തിലധികമായി വിദ്യാര്‍ത്ഥിനികള്‍ ഹിജാബ്/ ശിരോവസ്ത്രം ധരിക്കുന്നവരാണെന്നും വാദിച്ച് ഹരജിക്കാരിയുടെ വക്കീല്‍ കേസ് പരിഗണിക്കാന്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും സുപ്രീം കോടതി നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

‘ദയവായി ഈ വിഷയം വലിയ തലങ്ങളിലേക്ക് കൊണ്ടുപോകരുത്. ഇപ്പോള്‍ എന്താണ് നടക്കുന്നതെന്ന് കോടതിക്ക് വ്യക്തമായ ബോധ്യമുണ്ട്. ഈ വിഷയം ദേശീയ തലത്തിലേക്ക് കൊണ്ടുവരുന്നത് ശരിയായ നടപടിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എന്തെങ്കിലും തെറ്റായി നടന്നിട്ടുണ്ടെങ്കില്‍ അവയെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കും,’ രമണ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ഹിജാബ് വിഷയത്തെ സംബന്ധിച്ച കര്‍ണാടക ഹൈക്കോടതിയുടെ വിശാലബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഇനിയൊരു വിധി വരുന്നതുവരെ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഹിജാബ് മാത്രമല്ല, കാവി ഷാളും ധരിക്കരുതെന്നും കോടതി പറഞ്ഞിരുന്നു.

വിശാലബെഞ്ചാണ് ഹരജിയില്‍ ഇത്തരമൊരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ, സിംഗിള്‍ ബെഞ്ചിന്റെ പരിധിയിലുണ്ടായിരുന്ന കേസ്, കോടതി വിശാല ബെഞ്ചിന് സമര്‍പ്പിക്കുകയായിരുന്നു.

അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരുമെന്നും അതുവരെ മതത്തെ സൂചിപ്പിക്കുന്ന ഒരുതരം വസ്ത്രങ്ങളും വിദ്യാര്‍ഥികള്‍ ധരിക്കരുതെന്നും കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി.

ഹിജാബുമായി ബന്ധപ്പെട്ട സംഘര്‍ഷസാധ്യതകള്‍ കണക്കിലെടുത്ത് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരുന്നു. എന്നാല്‍ സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഹൈക്കോടതി വിശാല ബെഞ്ച് വാദം കേള്‍ക്കുന്നത് തിങ്കളാഴ്ച തുടരും. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹിജാബ് നിരോധനത്തിനെതിരായ ഹരജികള്‍ പരിഗണിച്ചത്.

Content Highlight: Shabana Azmi reacts to Kankana’s statement on Hijab

We use cookies to give you the best possible experience. Learn more