| Friday, 5th April 2024, 7:59 pm

അഭിനയത്തിലേക്ക് ട്രാക്ക് മാറ്റുകയല്ല; സിനിമ ചെയ്യുന്നത് രണ്ടും കല്പിച്ച്; സെറ്റില്‍ ഞാന്‍ മ്യൂസിക് ഡയറക്ടറല്ല: ഷാന്‍ റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ ആണ് നായകനായി എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ ഷാന്‍ റഹ്‌മാനും ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ ടീസറിലെ ഷാനിന്റെ ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ഈ സിനിമയെ കുറിച്ച് പറയുകയാണ് ഷാന്‍. വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അണ്‍ഫില്‍ട്ടേര്‍ഡ് ബൈ അപര്‍ണക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘അഭിനയത്തിലേക്ക് ട്രാക്ക് മാറ്റി പിടിക്കുകയല്ല. വിനീത് വിളിച്ച് ഇങ്ങനെയൊരു സിനിമ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ വന്നതാണ്. അവന്‍ ഒന്നും കാണാതെ അങ്ങനെ ഒരു സിനിമയെ കുറിച്ച് പറയില്ലല്ലോ. അതുകൊണ്ട് ഞാന്‍ ഒക്കെ പറഞ്ഞു, കഥയും കേട്ടു. രണ്ടും കല്പിച്ച് കൊണ്ട് ആ സിനിമ ചെയ്യുകയായിരുന്നു.

ആ സെറ്റിന്റെ എനര്‍ജി വളരെ വലുതാണ്. അവിടെ ഉള്ളവരെല്ലാം നമുക്ക് പരിചയം ഉള്ളവരാണ്. പിന്നെ സെറ്റില്‍ എത്തിയാല്‍ നമ്മള്‍ ആക്ടറാണ്. വിനീത് അവിടെ നമ്മളെ അത്രയും കംഫര്‍ട്ടബിളാക്കി വെക്കും.

സെറ്റില്‍ ഞാന്‍ മ്യൂസിക് ഡയറക്ടറല്ല. സീന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞ് കട്ട് പറഞ്ഞാല്‍ മാത്രമാണ് നമ്മുടെ ഫ്രണ്ട്ഷിപ്പ് പോലും ഉണ്ടാകുള്ളൂ. ആക്ഷന്‍ പറഞ്ഞാല്‍ പിന്നെ ഞങ്ങള്‍ ആക്ടറും ഡയറക്ടറുമാകും.

ഞാന്‍ വളരെ എന്‍ജോയ് ചെയ്ത് ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പടത്തില്‍ അധികമൊന്നും ഇല്ല. രണ്ട് ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ,’ ഷാന്‍ റഹ്‌മാന്‍ പറഞ്ഞു.

വന്‍ താരനിര ഒന്നിക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാലിനും ഷാന്‍ റഹ്‌മാനും പുറമെ കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഹരികൃഷ്ണന്‍, ഭഗത് മാനുവല്‍, നിവിന്‍ പോളി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


Content Highlight: Shaan Rahman Talks About Varshangalkku Shesham Movie

We use cookies to give you the best possible experience. Learn more