| Friday, 5th April 2024, 6:08 pm

ആമ്പിയന്‍സ് നോക്കാന്‍ വിളിപ്പിച്ചു; ക്യാരവാനിലിരുത്തി ഡയലോഗ് തന്നു; വേറെ വഴിയില്ലാതെ അഭിനയിക്കുകയായിരുന്നു: ഷാന്‍ റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രജിഷ വിജയനും പ്രിയ പ്രകാശ് വാര്യരും ഒരുമിച്ച ചിത്രമായിരുന്നു കൊള്ള. 2023ല്‍ പുറത്തിറങ്ങിയ ചിത്രം നിര്‍മിച്ചത് സൂരജ് വര്‍മയായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണ് കൊള്ള.

ചിത്രത്തിന് സംഗിതമൊരുക്കിയത് ഷാന്‍ റഹ്‌മാനായിരുന്നു. അദ്ദേഹം കൊള്ളയില്‍ പൊലീസ് ഓഫീസറായി അഭിനയിച്ചിരുന്നു. ആ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് ഷാന്‍.

തന്റെ ഏറ്റവും പുതിയ ചിത്രമായ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അണ്‍ഫില്‍ട്ടേര്‍ഡ് ബൈ അപര്‍ണക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാന്‍ റഹ്‌മാന്‍.

‘ഞാന്‍ ഈ അഭിനയമെന്ന പ്രോസസ് എന്‍ജോയ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. സാധാരണ പിടിച്ചുവലിച്ച് കൊണ്ടുപോയാല്‍ പോലും പോകാത്ത ആളാണ് ഞാന്‍. കൊള്ള എന്ന പടത്തില്‍ ഞാന്‍ ഒരു എസ്.പിയായിട്ട് അഭിനയിച്ചിട്ടുണ്ട്.

അതിലേക്ക് എന്നെ അഭിനയിക്കണം എന്ന് പറഞ്ഞല്ല കൊണ്ടുപോകുന്നത്. എന്നോട് പറഞ്ഞത് ‘ഷാന്‍ ഒന്ന് കോട്ടയം വരെ വാ. ഈ ആമ്പിയന്‍സൊക്കെ ഒന്ന് കാണു. അങ്ങനെ ചെയ്താല്‍ ബാക്ഗ്രൗണ്ട് സ്‌കോര്‍ ചെയ്യാന്‍ എളുപ്പമാകു’മെന്നായിരുന്നു.

ഇപ്പോള്‍ അല്ലല്ലോ ബാക്ഗ്രൗണ്ട് സ്‌കോര്‍ ചെയ്യുന്നത്, പടമൊക്കെ കഴിഞ്ഞല്ലേയെന്ന് ചോദിച്ചപ്പോള്‍ എന്തായാലും വാ എന്ന് പറഞ്ഞു. എനിക്ക് ആണെങ്കില്‍ ആ കൂട്ടത്തിലെ എല്ലാവരെയും അറിയാം. സ്‌ക്രിപ്റ്റ് ബോബി – സഞ്ജയ് ആയിരുന്നു. ഡയറക്ടറേയും അറിയാം.

മടിയനായ ഞാന്‍ വരാന്‍ വണ്ടിയില്ല, വണ്ടി സര്‍വീസിന് കൊടുത്തിരിക്കുകയാണ് എന്ന് പറഞ്ഞു. പത്ത് മിനിട്ട് കൊണ്ട് ഒരു ഇന്നോവ മുന്നിലെത്തി. അങ്ങനെ അതില്‍ കയറി ഞാന്‍ കോട്ടയത്തെത്തി. നേരെ എന്നെ കൊണ്ടുപോയി ഇരുത്തിയത് ഒരു ക്യാരവാനിലാണ്.

ആമ്പിയന്‍സ് നോക്കാന്‍ വന്ന എന്നെ എന്തിനാണ് ഈ ക്യാരവാനില്‍ ഇരുത്തുന്നതെന്ന് ഞാന്‍ ചിന്തിച്ചു. പിന്നെ അവിടുത്തെ രീതി അതാകുമെന്ന് ഞാന്‍ കരുതി. കാരണം ഇതുവരെ ലൊക്കേഷനില്‍ പോകാത്ത ആളാണല്ലോ ഞാന്‍.

കുറച്ച് കഴിഞ്ഞതും ഒരാള്‍ അവിടേക്ക് ഒരു കോസ്റ്റ്യൂമും ഷൂസും കൊണ്ടുവന്നു. അതേ ക്യാരവാനില്‍ ജിയോ ബേബിയും ഉണ്ടായിരുന്നു. പുള്ളിയും ആ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ആള്‍ക്ക് വേണ്ടിയാകും അതെന്നാണ് ഞാന്‍ കരുതിയത്.

എന്നാല്‍ കുറച്ച് കഴിഞ്ഞതും ഡയറക്ടറും പ്രൊഡ്യൂസറും കയറിവന്നു. ഈ ഡ്രസിട്ടോ ഇതാണ് ഡയലോഗെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ആ പടത്തില്‍ അഭിനയിക്കുന്നത്. എന്നെ ലോക്ക് ചെയ്തതാണ്.

എനിക്ക് വേറെ വഴി ഇല്ലായിരുന്നു. വേറെ ആളില്ല അഭിനയിക്കാന്‍ എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ ആ എസ്.പിയുടെ വേഷം ഏറ്റെടുത്ത് ചെയ്തു,’ ഷാന്‍ റഹ്‌മാന്‍ പറഞ്ഞു.


Content Highlight: Shaan Rahmaan Talks About How He Was Called To The Location Of The Movie Kolla

We use cookies to give you the best possible experience. Learn more