സംഗീത സംവിധായകനായും പിന്നണി ഗായകനായും മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്നയാളാണ് ഷാന്‍ റഹ്മാന്‍. 2009ല്‍ ജോണി ആന്റണി സംവിധാനം ചെയ്ത ‘ഈ പട്ടണത്തില്‍ ഭൂതം’ എന്ന ചിത്രത്തിലൂടെയാണ് ഷാന്‍ റഹ്മാന്‍ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ ഗായകനായും സിനിമയിലേക്ക് വന്നു.
മലര്‍വാടിക്ക് ശേഷവും തട്ടത്തിന് മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ സിനിമകളിലും ഷാന്‍ റഹ്മാന്‍ വിനീത് ശ്രീനിവാസനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. അടി കപ്യാരെ കൂട്ടമണി, ആന്‍മരിയ കലിപ്പിലാണ്, വെളിപാടിന്റെ പുസ്തകം എന്നിങ്ങനെ നിരവധി ഹിറ്റുകള്‍ ഷാന്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും അദ്ദേഹം സിനിമാ സംഗീതരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
മലര്‍വാടി ആര്‍ട്സ് ക്ലബിന് വേണ്ടി പാട്ട് കംപോസ് ചെയ്ത് വിനീതിന് അയച്ച് കൊടുത്ത സമയത്തെ അനുഭവം ഷാന്‍ റഹ്മാന്‍ പറയുന്നതിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പാട്ട് അയച്ചുകൊടുത്തതിന് ശേഷം വിനീതില്‍ നിന്ന് ലഭിച്ച രസകരമായ മറുപടിയെകുറിച്ചാണ് ബിഹൈന്‍ഡ്‌വുഡ്‌സ് കോള്‍ഡിന് നല്‍കിയ ഒരു പഴയ അഭിമുഖത്തില്‍ ഷാന്‍ റഹ്മാന്‍ പറയുന്നത്.
”ഒരു കാലത്ത് എന്റെ ഏറ്റവും മികച്ച വിമര്‍ശകന്‍ വിനീതായിരുന്നു. മലര്‍വാടി ആര്‍ട്സ് ക്ലബിന് വേണ്ടി ഒരു പാട്ട് വിനീതിന് അയച്ച് കൊടുത്തപ്പോള്‍ അവന്‍ പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്.
വിനീതിന് ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ അവന്‍ എന്നെ വിളിക്കില്ല. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഒരു അഞ്ച് മിനിറ്റിനുള്ളില്‍ അവന്റെ വിളി വരും. എനിക്ക് പലപ്പോഴും കണ്‍ഫ്യൂഷനുണ്ടാകാറുണ്ട്. ഞാന്‍ പാട്ട് അയച്ച് കൊടുത്ത് വിവരം ഒന്നുമില്ലെങ്കില്‍ ഞാന്‍ ചിലപ്പോള്‍ അങ്ങോട്ട് വിളിക്കും. മലര്‍വാടി ആര്‍ട്സ് ക്ലബിന് വേണ്ടിയുണ്ടാക്കിയ പാട്ട് വിനീതിന് അയച്ച് കൊടുത്തിട്ട് എടാ ഞാന്‍ പാട്ട് അയച്ചിരുന്നല്ലോ, നീ കേട്ടോ എന്ന് ചോദിച്ചു.
ആ അയച്ചിരുന്നു, ഞാന്‍ കേട്ടു എന്ന് വിനീത് പറഞ്ഞു. എങ്ങനെയുണ്ട്, അതിനെകുറിച്ച് നീ ഒന്നും പറഞ്ഞിലല്ലോ എന്ന് ചോദിച്ചപ്പോള്‍ ആ പാട്ട് ഭയങ്കര കച്ചറയായിട്ട് എനിക്ക് തോന്നി, അത് കൊണ്ടാണ് ഞാന്‍ അഭിപ്രായം പറയാത്തത് എന്നായിരുന്നു അവന്റെ മറുപടി. ഉടനെ ഞാന്‍ ഓക്കെ പറഞ്ഞ് ഫോണ്‍ വെച്ചു,” ഷാന്‍ റഹ്മാന്‍ തമാശരൂപേണ പറഞ്ഞു.
Content Highlight: Shaan Rahman about the song in Malarvaadi Arts Club and Vineeth Sreenivasan’s reply to it