മലയാളികളുടെ പ്രിയ സംഗീതസംവിധായകരിലൊരാളാണ് ഷാന്‍ റഹ്‌മാന്‍. 2009ല്‍ ഈ പട്ടണത്തില്‍ ഭൂതം എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച ഷാന്‍ നിരവധി സിനിമകള്‍ക്ക് സംഗീതം നല്‍കി. വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന്റെ സംഗീതവും ഷാന്‍ തന്നെയായിരുന്നു. പിന്നീട് ജേക്കബിന്റെ സ്വര്‍ഗരാജ്യം സിനിമ വരെ ഈ കോമ്പോ തുടര്‍ന്നു.
വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വര്‍ഷങ്ങള്‍ക്കു ശേഷത്തില്‍ അഭിനേതാവായിട്ടാണ് ഷാന്‍ റഹ്‌മാന്‍ എത്തുന്നത്. ടീസറിലെ ഷാനിന്റെ ഗെറ്റപ്പ് വലിയ ചര്‍ച്ചയായിരുന്നു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മീഡിയാ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ വളരെ കോണ്‍ഫിഡന്റായി ചെയ്ത സിനിമ തിയേറ്ററില്‍ പരാജയമായ അനുഭവത്തെക്കുറിച്ച് സംസാരിച്ചു. താനും മിഥുന്‍ മാനുവലും എന്‍ജോയ് ചെയ്ത് വര്‍ക്ക് ചെയ്ത സിനിമയായ ആടിന്റെ ഒന്നാം ഭാഗത്തെക്കുറിച്ചാണ് ഷാന്‍ സംസാരിച്ചത്.
‘ഈ സിനിമയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ എനിക്ക് തോന്നിയ ഒരു കാര്യം, എല്ലവാരും വളരെ പോസിറ്റീവായിട്ടാണ് വര്‍ക്ക് ചെയ്തിട്ടുള്ളത്. എന്നുവെച്ച് ബാക്കി സിനിമകളില്‍ അങ്ങനെയല്ല എന്നല്ല, എല്ലാ സിനിമകളിലും ചില ഫ്‌ളോസ് ഉണ്ടായിട്ടുണ്ട്. ഈ സിനിമ കംപ്ലീറ്റ് ഫ്‌ളോലെസ്സാണ്. ഇവരില്‍ പലരുടെയും കരിയറിലെ ഗ്രോത്തും സ്ട്രഗിളുമൊക്കെ നേരിട്ട് കണ്ടിട്ടുണ്ട്. അങ്ങനെയൊരു സിനിമയാണ് ആട്.
ഞാനും മിഥുനും വലിയ കോണ്‍ഫിഡന്‍സില്‍ ചെയ്ത സിനിമയായിരുന്നു അത്. ഇടപ്പള്ളിയിലെ എന്റെ മാന്‍ഷനില്‍ വെച്ചായിരുന്നു കമ്പോസിങ്. വരുന്നവരും പോവുന്നവരും അതൊക്കെ കണ്ട് നമ്മളെ അപ്പ്രിഷ്യേറ്റ് ചെയ്തിരുന്നു. അതിന്റെയൊക്കെ ധൈര്യത്തില്‍ ആടിലെ അതേ ഗെറ്റപ്പില്‍ പോയി സിനിമ കണ്ടു.
പക്ഷേ തിയേറ്ററില്‍ ഞങ്ങള്‍ ചിരിക്കുന്ന സീനില്‍ വേറെ ആരും ചിരിക്കുന്നില്ല. പടം കൈയീന്ന് പോയെന്ന് മനസിലായി. പടം കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ എല്ലാവരും ഞങ്ങളെ ആശ്വസിപ്പിച്ചു. അതിന് ശേഷം സിനിമ കുറേ ട്രിം ചെയ്ത് ഇറക്കി. അപ്പോഴേക്കും അതിന്റെ എസന്‍സ് പോയി. ഡി.വി.ഡി ഒക്കെ ഇറങ്ങി ഹിറ്റായ ശേഷമാണ് അതിന്റെ രണ്ടാം ഭാഗം ഇറക്കാന്‍ കോണ്‍ഫിഡന്‍സ് കിട്ടിയത്,’ ഷാന്‍ പറഞ്ഞു.
Content Highlight: Shaan Rahman about the failure of Aadu movie