ബി.ജെ.പി ഭരണത്തോടെ നെഹ്‌റു യുഗത്തിന്റെ അന്ത്യം കുറിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്നവര്‍ ഒട്ടനവധിയുണ്ട്. താങ്കള്‍ ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഇപ്പോഴത്തെ സര്‍ക്കാരിന്റെ അഭിലാഷം നെഹ്റുവിനെയും അദ്ദേഹം എന്തിനുവേണ്ടി നിലകൊണ്ടു എന്നതിനെയും നിരാകരിക്കുന്നതിലാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ, ഇന്ത്യന്‍ സമൂഹവും സംവിധാനങ്ങളും നെഹ്റുവിയന്‍ പാരമ്പര്യത്തില്‍ വിശ്വസിക്കുന്നിടത്തോളം കാലം അവര്‍ക്ക് അതത്ര എളുപ്പമാകില്ല .
വാജ്പേയിയുടെ നേതൃത്വത്തിലുള്ള ആദ്യത്തെ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്തും അത്തരമൊരു ഭയം നിഴലിച്ചിരുന്നു. എന്നാല്‍ പിന്നീടത് അപ്രത്യക്ഷമായി. പല തരത്തില്‍ വാജ്പേയ് തന്നെ ഒരു നെഹ്റുവിയനാണ്. നെഹ്റു മുന്നോട്ടു വെച്ച നയങ്ങള്‍ തന്നെയാണ് പലപ്പോഴും മോദിക്ക് പിന്തുടരേണ്ടി വരുന്നതെങ്കിലും, നരേന്ദ്ര മോദി ഒരിക്കലും ഒരു നെഹ്രുവിയനല്ല.
നെഹ്റു എന്തിനുവേണ്ടിയായിരുന്നോ നിലകൊണ്ടിരുന്നത്, അതിനു കടകവിരുദ്ധമായാണ് ബി.ജെ.പി നേതൃത്വം പെരുമാറുന്നത്. നെഹ്റു ഒരു ജനാധിപത്യവാദിയായിരുന്നു. എന്നാല്‍ ഭയപ്പെടുത്തി അധികാരം കേന്ദ്രീകൃതമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. നെഹ്റു ഒരു മതേതരവാദിയായിരുന്നു. എന്നാല്‍, രാജ്യത്തൊട്ടാകെ അസഹിഷ്ണുത വളര്‍ത്തിയെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്മവാര്‍ഷികം അനുസ്മരിക്കാത്തതിന് താങ്കള്‍ പ്രധാനമന്ത്രിക്ക് ഒരു തുറന്ന കത്ത് എഴുതിയിരുന്നല്ലോ
ബി.ജെ.പിയുടെ നെഹ്റു വിരോധം വ്യക്തിഗതമാണെന്നു ഞാന്‍ കരുതുന്നില്ല. ആ പ്രത്യയശാസ്ത്രത്തെയാണ് അവര്‍ എതിര്‍ക്കുന്നത്. 125-ാം ജന്മവാര്‍ഷികത്തെ സംബന്ധിച്ചിടത്തോളം ബി ജെ പിയുടെ നിലപാട് ബാലിശമായിരുന്നു. രാഷ്ട്രീയ ഭേദമന്യേ നമ്മള്‍ ദേശീയ നേതാക്കളെ ഓര്‍മ്മിക്കണം. നിങ്ങള്‍ ചരിത്രത്തിലേക്ക് കടന്നുകഴിഞ്ഞാല്‍, നിങ്ങള്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കു അതീതമായിക്കഴിഞ്ഞു.
അടല്‍ ബിഹാരി വാജ്പേയിയുടെ നൂറാം ജന്മദിനം എല്ലാ പാര്‍ട്ടികളും ആദരവോടെ ആഘോഷിക്കുന്നതിലാണ് ഞാന്‍ പ്രതീക്ഷ വെക്കുന്നത്. അന്ന് ഞങ്ങളാണ് അധികാരത്തിലെങ്കില്‍ പോലും അത് ചെയ്യണം.
1990 കളിലെ ഉദാരവത്ക്കരണത്തിന് ശേഷം കോണ്‍ഗ്രസ് നെഹ്റുവിയന്‍ ആദര്‍ശങ്ങളില്‍നിന്നും വ്യതിചലിച്ചോ?
അസാമാന്യമായ ബൗദ്ധിക വികാസവും, പ്രശ്നങ്ങളെ ഉള്‍ക്കൊള്ളുവാനും മനസ്സിലാക്കുവാനും കഴിവുണ്ടായിരുന്ന നെഹ്റുവിന് മാറുന്ന കാലത്തോട് മികച്ച രീതിയില്‍ പ്രതികരിക്കാനുള്ള വഴക്കമുണ്ടായിരുന്നു. 1991ലെ സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളെ പരിഗണിച്ചുകൊണ്ടായിരുന്നു ഉദാരവത്ക്കരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തത്. സമകാലീന സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് കാലങ്ങള്‍ക്കുമുമ്പ് മരിച്ചുപോയ ഒരാളുടെ കൃത്യമായ നിഗമനമെന്തായിരുന്നു എന്നതിലേക്ക് നമുക്ക് എത്താന്‍ കഴിയില്ല
നെഹ്റുവിന്റെ ആശയങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തെ അവഗണിക്കുന്നെന്ന ആരോപണങ്ങളാണ് വലതുപക്ഷം ഉയര്‍ത്തുന്നത്. അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ അശാസ്ത്രീയമാണെന്ന് ഇടതുപക്ഷവും പരാതിപ്പെടുന്നു.
നെഹ്റുവിനെ വായിച്ചിട്ടുള്ള ആര്‍ക്കും ഇങ്ങനെ പറയാന്‍ കഴിയില്ല. അദ്ദേഹത്തിന് ഒരു റിസര്‍ച്ച് അസിസ്റ്റന്റുപോലും ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ബോധ്യത്തില്‍നിന്നാണ് ലോകകാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഇന്ത്യയെക്കുറിച്ചുള്ള നെഹ്‌റുവിന്റെ ധാരണകളെ ആഴത്തില്‍ വെല്ലുവിളിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല.
ഇടതുപക്ഷ വിമര്‍ശനത്തെക്കുറിച്ചാണെങ്കില്‍, ദരിദ്രരുടെ എണ്ണം കുറയ്ക്കുക എന്നതായിരുന്നു നെഹ്‌റുവിന്റെ ലക്ഷ്യം. രാജ്യത്തെ ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം, ദരിദ്രര്‍ അതല്ലാതായിത്തീരുന്ന നിമിഷം അവര്‍ക്ക് വോട്ട് നഷ്ടപ്പെടും. അതിനാല്‍ അവര്‍ക്ക് പുരോഗമനപരമായ ഒരു നടപടിയിലും താല്‍പ്പര്യമില്ല, അവിടെയാണ് നെഹ്‌റുവും ഇടതുപക്ഷവും തമ്മിലുള്ള വ്യത്യാസം. 19-ാം നൂറ്റാണ്ടില്‍നിന്നും അവര്‍ പുറത്തുകടക്കുന്ന സമയമാണിത്. നമ്മള്‍ 21ാം നൂറ്റാണ്ടിലെത്തിയപ്പോള്‍ അവര്‍ 20ലേക്ക് കാലെടുത്ത് വെക്കുന്നതേ ഉള്ളു.
നെഹ്റു അയല്‍രാജ്യങ്ങളുമായി പുലര്‍ത്തിയിരുന്ന സമീപനത്തെക്കുറിച്ചും ഇപ്പോള്‍ മോദി സര്‍ക്കാര്‍ അത് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്?
നമ്മുടെ വിദേശനയത്തിന് വലിയതോതിലുള്ള തുടര്‍ച്ചയുണ്ട്. ഇന്ത്യയില്‍, രാഷ്ട്രീയ വ്യത്യാസങ്ങള്‍ കടല്‍ക്കരയില്‍ അവസാനിപ്പിക്കും എന്ന കാഴ്ചപ്പാടാണ് നമ്മള്‍ പരമ്പരാഗതമായി സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ്, പാര്‍ലമെന്റിന്റെ വിദേശകാര്യ സമിതി ചെയര്‍മാന്‍ എല്ലായിപ്പോഴും പ്രതിപക്ഷത്തുനിന്നുള്ളവരാകുന്നത്.
നെഹ്‌റുവും ഗാന്ധിയും
എന്നിരുന്നാലും, പാകിസ്താനിലേക്ക് വരുമ്പോള്‍ ചില വ്യക്തമായ വ്യത്യാസങ്ങള്‍ കാണാം. നേപ്പാളിന്റെ കാര്യത്തില്‍ ചില മോശം ഇടപെടലുകളും ഉണ്ടാകുന്നുണ്ട്. നയത്തിന്റെ വിശാലമായ രൂപരേഖ ഒന്നുതന്നെയാകാം, പക്ഷേ അത് പാകിസ്താനിലും നേപ്പാളിലും നടപ്പാക്കിയ രീതി ശരിയായില്ല.
പക്ഷേ, പാക് അധീന കശ്മീരിന് ജന്മം നല്‍കിയത് നെഹ്റുവിന്റെ നയങ്ങളായിരുന്നു എന്നത് മറച്ചുപിടിക്കാന്‍ കഴിയില്ല
1947-48 ലെ പാക് അധിനിവേശത്തിനുശേഷം കശ്മീര്‍ തിരിച്ചുപിടിച്ച സമയത്ത്, മൂന്നിലൊന്ന് പ്രദേശം പാകിസ്താന്റെ കൈയിലായിരുന്നപ്പോള്‍ നമ്മള്‍ വെടിനിര്‍ത്തലിന് സമ്മതിച്ചു. രണ്ടാമതൊന്ന് ആലോചിക്കാന്‍ നമുക്ക് കഴിഞ്ഞിരുന്നില്ല. വെള്ളക്കാരായിരുന്നു രണ്ടു സൈന്യത്തിന്റെയും ജനറല്‍മാരായിട്ടുണ്ടായിരുന്നത് എന്നത് മറക്കരുത്. മൗണ്ട് ബാറ്റണ്‍ പ്രഭു ഇപ്പോഴും ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലാണെന്ന കാര്യവും മറക്കരുത്.
മൗണ്ട് ബാറ്റണും നെഹ്‌റുവും
വെടിനിര്‍ത്തലിലേക്ക് നയിച്ച സമ്മര്‍ദ്ദമോ വാദങ്ങളോ എന്തായിരുന്നെന്ന് നമുക്കറിയില്ല. നമ്മള്‍ ഇന്ന് ഇവിടെയിരുന്ന് ആ തീരുമാനത്തെ വിശകലനം ചെയ്യുന്നത് അനീതിയാണെന്നാണ് എനിക്ക് തോന്നുന്നത്.
സയന്റിഫിക് ടെംപര്‍ വളര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ മനസ്സിനെ നവീകരിക്കാന്‍ നെഹ്‌റു ശ്രമിച്ചു. രാജ്യത്തെ വേദ കാലഘട്ടത്തിലേക്ക് തിരിച്ചുവിടാനുള്ള ഇപ്പോഴത്തെ സര്‍ക്കാരിന്റെ ശ്രമത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
നെഹ്റു അക്കാര്യത്തില്‍ പൂര്‍ണമായും വിജയിച്ചെന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ മുമ്പ് എഴുതിയതുപോലെ, വലിയ പ്രൊജക്ടുകളും ഡാമുകളും കൂടെ മന്ത്രങ്ങളും ക്ഷേത്രങ്ങളുമുള്ള രാജ്യമാണ് നമ്മുടേത്.
ശശി തരൂര്‍
എന്റെ പ്രിയപ്പെട്ട ഒരു ക്ലീഷേ, രുദ്രാക്ഷവും കഴുത്തിലണിഞ്ഞു തകര്‍ന്ന പല്ലുകളും ജടപിടിച്ച താടിയും വൃത്തിയില്ലാത്ത മുടിയും ദൂരത്തേക്ക് തുറിച്ചുനോക്കുന്ന കണ്ണുകളുമായി കുംഭമേളയില്‍ പൂര്‍ണ നഗ്‌നനായി വിശ്വാസിയുടെ ഇന്റര്‍നെറ്റില്‍ പ്രചരിച്ച ചിത്രമാണ്. അതേ സമയം തന്നെ അയാള്‍ തന്റെ മൊബൈല്‍ ഫോണില്‍ ചാറ്റ് ചെയ്യുന്നുണ്ട്. ഇതാണ് ഇന്ത്യ. ഇവ രണ്ടും ഇവിടെയുണ്ട്.
കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും ഡാമും ഫാക്ടറികളുമുള്ള ഇന്ത്യയാണ് നെഹ്റുവിന്റെ ഇന്ത്യ. അതാണ് അദ്ദേഹം കാണാന്‍ ആഗ്രഹിച്ചത്. എന്നാല്‍ ആ ഇന്ത്യ ഒരിക്കലും നഗ്ന സന്യാസിമാരെ മാറ്റിയെടുക്കുന്നതിലും പകരം വെയ്ക്കുന്നതിലും വിജയിച്ചിട്ടില്ല.