ന്യൂദല്‍ഹി: സിവില്‍ സര്‍വ്വീസില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ കശ്മീര്‍ സ്വദേശി ഷാ ഫൈസല്‍ താന്‍ സ്ഥാപിച്ച പാര്‍ട്ടിയില്‍ നിന്ന് രണ്ട് ദിവസം മുമ്പ് രാജിവെച്ചിരുന്നു. താന്‍ രാജിവെക്കുകയാണെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുന്നതിന് മുമ്പെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായി സംസാരിച്ചെന്ന് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിവില്‍ സര്‍വ്വീസിലേക്ക് മടങ്ങുവാനാണ് ഷാ ഫൈസല്‍ ശ്രമിക്കുന്നത്. ദല്‍ഹിയിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടക്കുന്നുണ്ടെന്ന് ഷാ ഫൈസല്‍ സമ്മതിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. സര്‍വ്വീസിലേക്കുള്ള മടക്കത്തെ കുറിച്ചാണ് അജിത്ത് ഡോവലുമായി സംസാരിച്ചതെന്നാണ് വിവരം.
സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച് കഴിഞ്ഞ വര്‍ഷമാണ് ഷാ ഫൈസല്‍ സ്വന്തം പാര്‍ട്ടി ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് രൂപീകരിച്ചത്. താന്‍ രാഷ്ട്രീയചുമതലകളില്‍ നിന്ന് ഒഴിയുന്നുവെന്ന് ഷാ ഫൈസല്‍ അറിയിച്ചതായി പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
2010ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാമനായിരുന്നു 37-കാരനായ ഷാ ഫൈസല്‍. കശ്മീരിലെ തുടര്‍ച്ചയായ കൊലപാതകങ്ങള്‍, മുസ്ംലിങ്ങളോടുള്ള വിവേചനം തുടങ്ങിയവയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് 2019-ല്‍ അദ്ദേഹം സിവില്‍ സര്‍വീസ് വിട്ട് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള നീക്കത്തിനെതിരെയും അദ്ദേഹം കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന് പിന്നാലെ ഷാ ഫൈസല്‍ അടക്കമുള്ള കശ്മീരിലെ നൂറോളം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ തടങ്കലിലാക്കിയിരുന്നു. കഴിഞ്ഞ മാസമാണ് അദ്ദേഹത്തെ വിട്ടയച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ