| Monday, 26th October 2020, 3:18 pm

ഇത് ഒരു ഫാന്‍ ഫൈറ്റ് ആവരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു; രണ്ടിനും വേറിട്ട തിരക്കഥ, രണ്ട് സിനിമയും നടക്കട്ടെ; സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: തന്റെയും പൃഥ്വിയുടെയും പുതിയ ചിത്രങ്ങളുടെ പേരില്‍ ഫാന്‍ ഫൈറ്റിലേക്ക് കടക്കരുതെന്ന് നടന്‍ സുരേഷ് ഗോപി. തന്റെ 250ാം ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റുമായി ബന്ധപ്പെട്ടുള്ള പോസ്റ്റിനായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

മലയാളത്തിലെ നൂറിലധികം താരങ്ങളെ ഉള്‍പ്പെടുത്തി ചിത്രത്തിന്റെ ടൈറ്റില്‍ തിങ്കളാഴ്ച വൈകീട്ട് പ്രഖ്യാപിക്കുമെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ഉള്‍പ്പെടെയുള്ളവര്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഈ താരങ്ങളുടെ കൂട്ടത്തില്‍ പൃഥ്വിരാജ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇരുതാരങ്ങളുടെയും ആരാധകര്‍ സുരേഷ് ഗോപിയുടെ പോസ്റ്റിന് താഴേ കമന്റുകളുമായി എത്തിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് ഇത് ഒരു ഫാന്‍ ഫൈറ്റ് ആവരുതെന്ന് അഭ്യര്‍ത്ഥിച്ച് സുരേഷ് ഗോപി എത്തിയത്. ഇത് ഒരു ഫാന്‍ ഫൈറ്റ് ആവരുതേ എന്നു എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. മലയാളികളുടെ പ്രിയ നടന്‍ തന്നെ ആണ് പൃഥ്വി. ഇപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാന്‍ ഉള്‍പ്പെടെ ഉള്ള ആളുകളുടെ നിലനില്‍പിന് കോട്ടം വരാത്ത രീതിയില്‍ മുന്നോട്ട് പോവുക എന്നതാണ്. രണ്ട് സിനിമയും നടക്കട്ടെ.

രണ്ടിനും വേറിട്ട തിരക്കഥ ആണ് ഉള്ളത്. രണ്ടും മികച്ച സിനിമ സൃഷ്ടി ആകും എന്ന ശുഭ പ്രതീക്ഷയോടെ…
എന്റെ സിനിമയും പ്രിഥ്വിയുടെ സിനിമയും സ്വീകരിക്കും എന്നു വിശ്വസിച്ച് കൊണ്ട് ഒരു മത്സര ബുദ്ധിയോടെ ഒരു ഫാന്‍ വാര്‍ ആകരുത് എന്ന് അപേക്ഷിക്കുന്നു. എന്നായിരുന്നു സുരേഷ് ഗോപിയുടെ കമന്‍റ്.

ചിത്രത്തിന്റെ കഥ കോപ്പിയടിച്ചതാണെന്ന് കാണിച്ച് സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഒരുങ്ങുന്ന കടുവയുടെ തിരക്കഥ ഒരുക്കിയ സംവിധായകന്‍ ജിനു എബ്രഹാം നല്‍കിയ ഹരജിയിലായിരുന്നു നടപടി.

കേസില്‍ കോടതി ഇടക്കാല സ്റ്റേ അനുവദിക്കുകയും എറണാകുളം ജില്ലാ കോടതി സ്റ്റേ സ്ഥിരപ്പെടുത്തുകയും ചെയ്തു.കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇത് പരിഗണിച്ചാണ് സുരേഷ്‌ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്.

കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന സുരേഷ് ഗോപി ചിത്രം മാത്യൂസ് തോമസായിരുന്നു സംവിധാനം ചെയ്യാനിരുന്നത്.

അതേസമയം പൃഥ്വിരാജ് നായകനായി എത്തുന്ന ‘കടുവ’യുടെ ചിത്രീകരണം ഉടനെ ആരംഭിക്കാന്‍ ഇരിക്കുകയാണ്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ജൂലൈയില്‍ തീരുമാനിച്ചിരുന്ന ചിത്രീകരണം കൊവിഡിനെ തുടര്‍ന്ന് മാറ്റി വെയ്ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേക്ക് മടങ്ങി വരുന്ന ചിത്രം കൂടിയാണ് കടുവ.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ് സുകുമാരന്‍, സുപ്രിയ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ ജന്‍മദിനത്തോടനുബന്ധിച്ചായിരുന്നു കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസും നടന്നത്.

എസ്.ജി 250 എന്ന പേരില്‍ സുരേഷ് ഗോപി കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായകനായി ഈ വര്‍ഷം മേയിലാണ് ടോമിച്ചന്‍ മുളകുപ്പാടം സിനിമ പ്രഖ്യാപിച്ചത്. ഡിസംബറില്‍ സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. സി.ഐ.എ, അണ്ടര്‍ വേള്‍ഡ് എന്നീ സിനിമകളുടെ രചന നിര്‍വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് സുരേഷ് ഗോപിയുടെ 250ാം സിനിമയുടെ തിരക്കഥ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:#SG250 I request that this not be a fan fight; Two different scripts, let both films go; Suresh Gopi

We use cookies to give you the best possible experience. Learn more