national news
"നാളെ ഭഗവാന്‍ വന്നില്ലെങ്കില്‍ അടുത്ത 12 വര്‍ഷത്തേക്ക് അദ്ദേഹം വരില്ല": പുരി രഥയാത്രയ്ക്ക് അനുമതി തേടിയ കേന്ദ്രസര്‍ക്കാര്‍ വാദം ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd June 2020, 9:49 am

ന്യൂദല്‍ഹി: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് അനുമതി തേടി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ചത് വിചിത്രവാദങ്ങള്‍. കൊവിഡ് പശ്ചാത്തലത്തില്‍ വലിയ ആള്‍ക്കൂട്ടം സൃഷ്ടിക്കുന്ന രഥയാത്ര വിലക്കാനായിരുന്നു നേരത്തെ കോടതി തീരുമാനം.

എന്നാല്‍ ഒഡിഷ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും രഥയാത്ര വിശ്വാസത്തിന്റെ ഭാഗമാണെന്നും വിലക്കാനാകില്ലെന്നുമായിരുന്നു നിലപാടെടുത്തത്. കൊവിഡ് പ്രോട്ടോക്കോളും ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങളും പാലിച്ച് രഥയാത്ര അനുവദിക്കണമെന്ന് ഇരുസര്‍ക്കാരുകളും കോടതിയില്‍ നിലപാടെടുത്തു.

നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ആചാരം തടസപ്പെടുത്തരുതെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

‘കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണിത്. നാളെ ജഗന്നാഥ ഭഗവാന്‍ വന്നില്ലെങ്കില്‍ പിന്നെ 12 വര്‍ഷത്തേക്ക് വരില്ല’, തുഷാര്‍ മേത്ത പറഞ്ഞു.

നേരത്തെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള രഥയാത്ര സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. രഥയാത്രക്ക് അനുമതി നല്‍കിയാല്‍ ജഗന്നാഥന്‍ തങ്ങളോട് ക്ഷമിക്കില്ലെന്ന് പറഞ്ഞാണ് കോടതി യാത്ര സ്റ്റേ ചെയ്തിരുന്നത്.

അതേസമയം തിങ്കളാഴ്ച സുപ്രീംകോടതി ഉപാധികളോട് സ്‌റ്റേ എടുത്തുകളഞ്ഞിരുന്നു. കൊവിഡ് ആരോഗ്യനിര്‍ദേശങ്ങളില്‍ വീഴ്ച വരുത്താതെയായിരിക്കണം ആചാരം നടപ്പാക്കേണ്ടത്.

അതുസംബന്ധിച്ച സമയോചിതമായ തീരുമാനമെടുക്കാന്‍ സംസ്ഥാനത്തിനും കേന്ദ്രത്തിനും ക്ഷേത്ര ഭാരവാഹികള്‍ക്കും സുപ്രിംകോടതി അധികാരം നല്‍കി. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നു തോന്നിയാല്‍ രഥയാത്ര വേണ്ടെന്നു വെയ്ക്കാനും അവകാശമുണ്ട്.

10 മുതല്‍ 12 വരെ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന രഥയാത്രയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കാറുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ