കൊച്ചി: സുരേഷ് ഗോപിയുടെ 250ാം ചിത്രമായി പ്രഖ്യാപിച്ച ചിത്രത്തിന് കോടതിയുടെ വിലക്ക്. പൃഥ്വിരാജിനെ നായകനാക്കി ഷാജികൈലാസ് സംവിധാനം ചെയ്യാനിരിക്കുന്ന കടുവ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും തിരക്കഥയും പകര്‍പ്പവകാശം ലംഘിച്ച് എടുത്തതെന്ന വാദത്തിനെ തുടര്‍ന്നാണ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്.
മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമായിരുന്നു സുരേഷ് ഗോപി ചിത്രം നിര്‍മ്മിക്കാനിരുന്നത്. നേരത്തെ പൃഥ്വിയെ നായകനാക്കി കടുവ സിനിമ ഷാജി കൈലാസ് പ്രഖ്യാപിച്ചിരുന്നു.
സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ രചന. സുരേഷ്ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് ജിനുവാണ് എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി സ്വീകരിച്ച കോടതി സുരേഷ്ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ്, സോഷ്യല്‍ മാധ്യമങ്ങളിലുള്‍പ്പെടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞ് ഉത്തരവായി.
കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ജിനു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കഥാപാത്രത്തിന്‍റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇത് പരിഗണിച്ചാണ് സുരേഷ്ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം പൃത്വിരാജിന്റെ ജന്‍മദിനത്തോടനുബന്ധിച്ച് കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസും.
ഈ വര്‍ഷം ജൂലൈ 15ന് ഷൂട്ടിംഗ് തുടങ്ങാനിരുന്ന കടുവ കോവിഡ് പ്രതിസന്ധിയേത്തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നു. ജിനു ഏബ്രഹാമിന്റെ സംവിധാന സഹായി ആയിരുന്ന മാത്യുസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകന്‍.
ഷിബിന്‍ ഫ്രാന്‍സിസ് ആണ് ഇതിന്റെ തിരക്കഥ. പൃത്വിരാജ് നായകനായ ആദം ജോണാണ് ജിനു ഏബ്രഹാം സംവിധാനം ചെയ്ത ആദ്യ ചിത്രം. ലണ്ടണ്‍ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും ഒരുക്കി. ഹര്‍ജിക്കാരന് വേണ്ടി അഡ്വ.ബിനോയി കെ. കടവന്‍ കോടതിയില്‍ ഹാജരായി.