| Sunday, 26th August 2012, 10:42 am

നിലവിളക്ക് കൊളുത്തല്‍: ഫസല്‍ ഗഫൂറിന്റേത് മതാഭിപ്രായമല്ലെന്ന് എസ്.വൈ.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓണാഘോഷവും, നിലവിളക്ക് കൊളുത്തലും മതപരമായി മുസ്‌ലീംകള്‍ക്ക് അനുവദനീയമാണെന്നും ഇത് സംബന്ധിച്ച് മതപണ്ഡിതരുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നുമുള്ള എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിന്റെ പ്രസ്താവനക്ക് (22.08.2012 മാത്യഭൂമി) മതപരമായ പിന്‍ബലമില്ലന്ന് എസ്.വൈ.എസ്. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ പി.പി മുഹമ്മദ് ഫൈസി, പിണങ്ങോട് അബൂബക്കര്‍, ഉമര്‍ ഫൈസി മുക്കം, ഹാജി കെ. മമ്മദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.എ. റഹ്മാന്‍ ഫൈസി എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. []

ഓണാഘോഷം മഹാബലിയെന്ന മഹാനായ ഒരു നാടുവാഴിയുടെ ഓര്‍മ്മ പുതുക്കുന്നതാണ്. ഈ ഐതിഹ്യ കഥകളും വാമനനും മത വിഷയങ്ങളായിട്ടാണ് കേരളീയര്‍ ആഘോഷിക്കുന്നത്. അതത് മതവിഭാഗങ്ങള്‍ക്ക് അത്തരം ആഘോഷങ്ങള്‍ ആഘോഷിക്കാനുള്ള അവകാശവുമുണ്ട്. അതുപോലെ പ്രവൃത്തികള്‍ തുടങ്ങുന്നതിന് ഐശ്വര്യത്തിന് വേണ്ടി മതചടങ്ങായി നിലനില്‍ക്കുന്നതാണ് നിലവിളക്ക് തെളിയിക്കല്‍.

ഇത്തരം മതപരമായ ചടങ്ങുകള്‍ മറ്റ് മതവിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കാവുന്നതല്ല. എല്ലാ മതങ്ങള്‍ക്കും അവരുടേതായ ചടങ്ങുകള്‍ നിലവിലുണ്ട്. അതെല്ലാം അതത് മതസ്ഥരുടെ അഭ്യന്തര കാര്യങ്ങളാണ്. മുസ്‌ലിംകള്‍ക്ക് വിശ്വാസം, കര്‍മം, ആചാരം തുടങ്ങിയവയിലെല്ലാം വേറിട്ട രീതികള്‍ നിലവിലുണ്ട്. അതിനപ്പുറത്ത് പോകാന്‍ മതം അനുവദിക്കുന്നില്ല. എല്ലാ വിശ്വാസങ്ങളെയും അംഗീകരിക്കുന്നതാണ് ഇസ്‌ലാമിന്റെ രീതി. എന്നാല്‍ അത് സ്വീകരിക്കുന്നതിലല്ല.

ദ്രാവിഡ സംസ്‌കാരത്തിന് മതവും ജാതിയുമില്ലെന്ന ഫസല്‍ ഗഫൂറിന്റെ ചരിത്ര ബോധത്തിനോട് യോജിക്കാനാവില്ല. ദ്രാവിഡ സംസ്‌കാരം ഹിന്ദു ദര്‍ശനങ്ങളിലധിഷ്ഠിതമാണ്. നാഡീ ഞരമ്പുകളുടെ ബലവും ബലക്ഷയവും സംബന്ധിച്ച് പോലും ആധികാരികമായി പറയാനുള്ള പൂര്‍ണ്ണ അക്കാദമിക് യോഗ്യതയും അധികാരവും ഇല്ലാത്ത ഡോക്ടര്‍ മതപരമായ കാര്യങ്ങളില്‍ ആധികാരികാഭിപ്രായം പറയുന്നത് അവജ്ഞയുളവാക്കുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

ഹിന്ദു-മുസ്‌ലിം സഹോദരങ്ങള്‍ ഐക്യത്തിലും, സ്‌നേഹത്തിലും, മമതയിലും കഴിയുന്ന കേരളത്തില്‍ ഓണവും വിളക്കും ഉപയോഗപ്പെടുത്തി അകല്‍ച്ച ഉണ്ടാക്കാനുള്ള ഒരു നീക്കവും വിലപ്പോവില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

എല്ലാ മതസ്ഥരും വസിക്കുന്ന നാട്ടില്‍ ഇത്തരം വിഷയങ്ങളെ അങ്ങനെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എം.ഇ.എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഈദ് ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് എം.ഇ.എസ് വനിതാ കോളേജില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

We use cookies to give you the best possible experience. Learn more