| Wednesday, 7th February 2024, 2:02 pm

മാസപ്പടി കേസ്; വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖല സ്ഥാപനത്തിൽ എസ്.എഫ്.ഐ.ഒ പരിശോധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വീണ വിജയനെതിരായ മാസപ്പടി കേസിൽ വ്യവസായ വകുപ്പിന് കീഴിലുള്ള കെ.എസ്.ഐ.ഡി.സിയിൽ കേന്ദ്ര ഏജൻസിയായ എസ്.എഫ്.ഐ.ഒ സംഘത്തിന്റെ പരിശോധന.

എസ്.എഫ്.ഐ.ഒ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സി.എം.ആർ.എല്ലിന്റെ കോർപ്പറേറ്റ് ഓഫീസുകളിലും പരിശോധന നടത്തിയിരുന്നു.

കോർപ്പറേറ്റ് മേഖലയിലെ ക്രമക്കേടുകൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയാണ് എസ്.എഫ്.ഐ.ഒ അഥവാ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്.

സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഡിസിയുടെ പങ്ക് അറിയാനാണ് തിരുവനന്തപുരത്തെ ഓഫീസിലെ പരിശോധന.

കരിമണൽ കമ്പനിയായ കെ.എം.ആർ.എല്ലിൽ കെ.എസ്.ഐ.ഡി.സിക്ക് ഓഹരി പങ്കാളിത്തമുണ്ട്.

നേരത്തെ ബെംഗളൂരു ആർ.ഒ.സിയും എറണാകുളം ആർ.ഒ.സിയും നടത്തിയ അന്വേഷണത്തിൽ കെ.എസ്.ഐ.ഡി.സിക്ക് സി.എം.ആർ.എല്ലുമായുള്ള എക്സാലോജിക്കിന്റെ ഇടപാടിൽ പങ്കുണ്ടാകാമെന്ന സാധ്യതകൾ ചൂണ്ടിക്കാട്ടിയിരുന്നു.

ഇടപാടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ആർ.ഒ.സിയിൽ നിന്ന് എസ്.എഫ്.ഐ.ഒയിലേക്ക് അന്വേഷണം കൈമാറിയത്. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിൽ നടത്തിയ ഇടപാടുകളാണ് എസ്.എഫ്.ഐ.ഒ. സംഘം പരിശോധിക്കുന്നത്. ഇതുസംബന്ധിച്ച വിവിധ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. പരാതിയിൽ അന്വേഷണം നടത്താൻ എട്ടുമാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.

CONTENT HIGHLIGHT: SFIO raid in KSIODC in Veena Vijayan’s Exalogic company case

We use cookies to give you the best possible experience. Learn more