'എസ്.എഫ്.ഐ അടിക്കാന്‍ തീരുമാനിച്ചാല്‍ കെ.എസ്.യു നേതാക്കളെ ക്ലാസില്‍ കയറി അടിക്കും'; ലോ കോളേജിലെ എസ്.എഫ്.ഐ നേതാവിന്റെ പ്രസംഗം വിവാദത്തില്‍
Campus Politics
'എസ്.എഫ്.ഐ അടിക്കാന്‍ തീരുമാനിച്ചാല്‍ കെ.എസ്.യു നേതാക്കളെ ക്ലാസില്‍ കയറി അടിക്കും'; ലോ കോളേജിലെ എസ്.എഫ്.ഐ നേതാവിന്റെ പ്രസംഗം വിവാദത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd March 2018, 8:28 am

കോഴിക്കോട്: അക്രമത്തിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ നേതാവ് നടത്തിയ പ്രസംഗം വിവാദത്തില്‍. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് ചെയര്‍മാന്‍ കൂടിയായ ആശിഷിന്റെ പ്രസംഗമാണ് വിവാദമായത്. എസ്.എഫ്.ഐ അടിക്കാന്‍ തീരുമാനിച്ചാല്‍ ഏത് നേതാവാണെങ്കിലും ക്ലാസില്‍ കയറി അടിക്കുമെന്നാണ് ആശിഷ് പ്രസംഗത്തില്‍ പറഞ്ഞത്.

കെ.എസ്.യു നേതാക്കള്‍ക്കെതിരെയാണ് എസ്.എഫ്.ഐ നേതാവ് ഇത്തരത്തില്‍ പ്രസംഗിച്ചത്.

“ഇവിടെ ഇങ്ങനെ മുണ്ടും മടക്കി നടക്കുന്ന കെ.എസ്.യുക്കാരോട് ഒറ്റക്കാര്യം മാത്രമേ പറയാനുള്ളൂ. എസ്.എഫ്.ഐ അടിക്കാന്‍ വേണ്ടി തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഇവിടുത്തെ സംസ്ഥാന സെക്രട്ടറിയല്ല, നിങ്ങളുടെ ഏതു നേതാവിനേയും ക്ലാസ് റൂമിനകത്താണെങ്കില്‍ ക്ലാസ് റൂമിലേക്ക് കേറിയും അടിക്കും….” എന്നാണ് ആശിഷ് പ്രസംഗത്തില്‍ പറഞ്ഞത്.

അക്രമത്തിന് ആഹ്വനം ചെയ്യുന്ന തരത്തിലുള്ള എസ്.എഫ്.ഐ നേതാവിന്റെ പ്രസംഗത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. പ്രസംഗം കേട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കയ്യടിക്കുന്നത് വീഡിയോയില്‍ കാണാം.

കഴിഞ്ഞ കുറേ നാളുകളായി ലോ കോളേജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് നേതാവിന്റെ പ്രകോപനപരമായ പ്രസംഗം പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്. കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് എസ്.എഫ്.ഐ ഏരിയ സെക്രട്ടറി അടക്കം പത്തു പേരെ നേരത്തേ കോളേജില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കൊണ്ട് ചോദ്യം ചോദിച്ചുവെന്ന് ആരോപിച്ച് ലോ കോളേജ് അധ്യാപികയ്‌ക്കെതിരെ ചെയര്‍മാന്‍ ആശിഷ് നേരത്തേ പരാതി നല്‍കിയിരുന്നു. മീഡിയ സെന്‍സര്‍ഷിപ്പ് എന്ന സെമിനാറിലെ ചോദ്യത്തിനെതിരെയാണ് പരാതി. അധ്യാപികയ്ക്കെതിരെ നടപടിയെടുക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. “കടക്ക് പുറത്ത്” എന്ന് പറഞ്ഞത് ആരാണെന്നായിരുന്നു അധ്യാപികയുടെ ചോദ്യം. ഇത് മീഡിയ സെന്‍സര്‍ഷിപ്പുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നും സര്‍ക്കാരിനെയും ഭരണാധികാരികളെയും താറടിച്ചു കാണിക്കാന്‍ വേണ്ടിയുള്ളതാണെന്നുമാണ് എസ്.എഫ്.ഐയുടെ ആരോപണം.

വീഡിയോ കാണാം:

(കടപ്പാട്: മാതൃഭൂമി)