കൊല്‍ക്കത്ത: സി.എ.എ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അനിഷ് ഖാന്റെ ദുരൂഹ മരണത്തില്‍ പ്രതിഷേധം ശക്തമാക്കി എസ്.എഫ്.ഐ. ബംഗാളിലെ ഹൗറ ജില്ലയിലെ വീടിന് സമീപമായിരുന്നു അനിഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രിയില്‍ പൊലീസ് യൂണിഫോമിലെത്തിയ ആളുകള്‍ വീട്ടില്‍ നിന്നും അനിഷിനെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നെന്നും ടെറസില്‍ നിന്നും താഴേക്കെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവന്നും അനിഷ് ഖാന്റെ കുടുംബം ആരോപിക്കുന്നു.
എന്നാല്‍ പൊലീസ് ഇക്കാര്യം നിഷേധിച്ചു. അനിഷിന്റെ വീട്ടില്‍ നിന്നും ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും, അയാളെ വീടിന് സമീപത്ത് നിന്നും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.
അനിഷിന്റെ മരണത്തില്‍ ബംഗാളില്‍ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. അനിഷിന്റെ കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് സി.പി.ഐ.എം ആരോപിക്കുന്നത്.
എന്നാല്‍ ഈ സംഭവത്തിന് പിന്നില്‍ നിഗൂഡതയുണ്ടെന്നും കൊലപാതകമാണെന്ന് കരുതുന്നില്ലെന്നുമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികരണം.
അനിഷിന്റെ മരണത്തില്‍ സംസ്ഥാനമൊട്ടാകെ വ്യാപകമായ പ്രതിഷേധമാണ് എസ്.എഫ്.ഐ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ എസ്.എഫ്.ഐ സംഘടിപ്പിച്ച പ്രതിഷേധങ്ങള്‍ക്ക് നേരെ പോലീസ് ആക്രമണമഴിച്ചു വിട്ടിരുന്നു.
‘ഖാന്റെ കുടുംബത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ സംസ്ഥാന വ്യാപകമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ്. വരും ദിവസങ്ങളില്‍ റാലിയടക്കമുള്ള സമരപരിപാടികള്‍ ഞങ്ങള്‍ സംഘടിപ്പിക്കും. എസ്.എഫ്.ഐ ദേശീയ ജോയിന്റ് സെക്രട്ടറി ദിപ്‌സിത ദര്‍, സംസ്ഥാന സെക്രട്ടറി പ്രതികൗര്‍ റഹ്മാന്‍ എന്നിവര്‍ അനിഷിന്റെ വീട് സന്ദര്‍ശിച്ചിട്ടുണ്ട്.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ഞങ്ങള്‍ കരുതുന്നത്. കഴിഞ്ഞ കുറച്ചുകാലമായി ടി.എം.സി ഗുണ്ടകള്‍ അനിഷിനെ നോട്ടമിട്ടിരുന്നു. തൃണമൂലിന്റെ പ്രാദേശിക നേതാക്കളെയാണ് ഞങ്ങള്‍ സംശയിക്കുന്നത്,’ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ശുഭ്ജിത് സര്‍ക്കാര്‍ പി.ടി.ഐയോട് പറഞ്ഞു.
ഇപ്പോള്‍ നടന്നിരിക്കുന്നത് ക്രൂരമായ കുറ്റമാണെന്നും കുറ്റക്കാര്‍ക്കെതിരെ നിഷ്പക്ഷ അന്വേഷണം വേണമെന്നും സി.പി.ഐ.എം ബംഗാള്‍ സംസ്ഥാന ഘടകം ആവശ്യപ്പെട്ടു.
ബംഗാളില്‍ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുഖമായി മാറിയ പ്രവര്‍ത്തകനായിരുന്നു അനിഷ് ഖാന്‍. വിദ്യാര്‍ത്ഥികളെ അണിനിരത്തി വിവിധ പ്രക്ഷോഭങ്ങള്‍ നയിച്ച അനിഷിനെതിരെ വധഭീഷണിയും ഉണ്ടായിരുന്നു.