| Tuesday, 20th June 2023, 6:01 pm

സംരക്ഷിക്കാനില്ല; നിഖില്‍ തോമസിനെ പുറത്താക്കി എസ്.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ സംഘടനയെ തെറ്റിദ്ധരിപ്പിച്ചതിന് എസ്.എഫ്.ഐ കായംകുളം മുന്‍ ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെ പുറത്താക്കി എസ്.എഫ്.ഐ. നിഖിലിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി എസ്.എഫ്.ഐ പ്രസ്താവനയിലൂടെ അറിയിച്ചു.

ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉയര്‍ന്നുവന്ന ഘട്ടത്തില്‍ തന്നെ എസ്.എഫ്.ഐയുടെ മുഴുവന്‍ ഘടകങ്ങളില്‍നിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരുന്നുവെന്ന് എസ്.എഫ്.ഐ. അറിയിച്ചു. നിഖിലിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നുവെന്നും സംഘടനയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം വിശദീകരണം നല്‍കിയതെന്നും എസ്.എഫ്.ഐ വ്യക്തമാക്കി.

നിഖില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളില്‍ കേരള യൂണിവേഴ്‌സിറ്റിയുടെ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ചു മാത്രമാണ് എന്തെങ്കിലും പരിശോധന നടത്തുവാനുള്ള സാധ്യത എസ്.എഫ്.ഐക്ക് മുമ്പില്‍ ഉണ്ടായിരുന്നതെന്ന് എസ്.എഫ്.ഐ അറിയിച്ചു.

‘ഇത് പരിശോധിച്ച സമയത്ത് കേരള യൂണിവേഴ്‌സിറ്റിയുടെ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. എന്നാല്‍ കലിംഗ യൂണിവേഴ്‌സിറ്റിയില്‍ റെഗുലറായി കോഴ്‌സ് പൂര്‍ത്തീകരിക്കാന്‍ നിഖില്‍ തോമസിന് എങ്ങനെ സാധിച്ചുവെന്ന ആശങ്ക എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിക്ക് ഉണ്ടായിരുന്നു.

അത് മാധ്യമങ്ങളോട് പങ്കുവെച്ചതുമാണ്. ഇത് സംബന്ധിച്ച് പരിശോധന നടത്താന്‍ കലിംഗ യൂണിവേഴ്‌സിറ്റിയില്‍ വിവരാവകാശം നല്‍കുക മാത്രമായിരുന്നു എസ്.എഫ്.ഐയുടെ മുന്‍പിലുള്ള മാര്‍ഗം. ഇതും മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചതാണ്.

എന്നാല്‍ പിന്നീട് പുറത്തുവന്ന വാര്‍ത്തകള്‍ പ്രകാരം നിഖില്‍ തോമസ് കലിംഗ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി ആയിരുന്നില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കേരളത്തിന് പുറത്തുള്ള പല യൂണിവേഴ്‌സിറ്റികളുടെയും പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന ഏജന്‍സികള്‍ കേരളത്തിന് അകത്തും പുറത്തും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇത് രാജ്യമാകെ പടര്‍ന്ന് കിടക്കുന്ന മാഫിയാ സംഘമാണ്. ഇത്തരം മാഫിയാ സംഘത്തിന്റെ സഹായത്തോടെ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുന്ന ഒട്ടനേകം ചെറുപ്പക്കാരില്‍ ഒരാളായി നിഖില്‍ തോമസും മാറി എന്നു വേണം മനസ്സിലാക്കാന്‍.

ഒരിക്കലും ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ചെയ്യാന്‍ പാടില്ലാത്ത പ്രവര്‍ത്തനമാണ് നിഖില്‍ തോമസ് ചെയ്തത്. അതിനാല്‍ എസ്.എഫ്.ഐയുടെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും പാഠമാകുന്ന രീതിയില്‍ നിഖില്‍ തോമസിനെ എസ്.എഫ്.ഐയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി,’ എസ്.എഫ്.ഐ അറിയിച്ചു.

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവരാണ് ഇന്ന്  പ്രസ്താവന പുറത്തുവിട്ടത്.

Content Highlights: sfi suspended nikhil thomas’s sfi membership

We use cookies to give you the best possible experience. Learn more