തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ പ്രതികളായ ആറുപേരെയും സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്. ഇവര്‍ക്കെതിരെ സംഘടനാപരമായ തുടര്‍നടപടി സ്വീകരിക്കുമെന്നും സച്ചിന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലായിരുന്നു സച്ചിന്‍ ഇക്കാര്യം അറിയിച്ചത്.
യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുമെന്നും സച്ചിന്‍ പറഞ്ഞു. നേരത്തേ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടണമെന്ന നിര്‍ദേശം സംസ്ഥാന കമ്മിറ്റിക്കു മുമ്പാകെ വെച്ചതായി എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു ഡൂള്‍ന്യൂസിനോടു പറഞ്ഞിരുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഇന്നുരാവിലെ അഖിലിന് കുത്തേറ്റത്. മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ അഖില്‍ എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനാണ്.
എസ്.എഫ്.ഐ യൂണിറ്റി അംഗങ്ങള്‍ തന്നെയാണ് അഖിലിനെ ആക്രമിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ പൊലീസിനോടു പറഞ്ഞത്. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥിയെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. നസീമടക്കം അഞ്ചുപേര്‍ സ്ഥലത്തുണ്ടായിരുന്നു. പൊലീസുകാരെ റോഡിലിട്ട് മര്‍ദ്ദിച്ച കേസിലെ പ്രതിയാണ് നസീം.
കഴിഞ്ഞ മൂന്നുവര്‍ഷമായി എസ്.എഫ്.ഐയ്ക്കുവേണ്ടി യൂണിവേഴ്സിറ്റി കോളജില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥിയാണ് അഖില്‍. കോളജിലെ മരച്ചുവട്ടില്‍ ഇരുന്ന് പാടിയെന്നു പറഞ്ഞ് യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയും പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികളും തമ്മില്‍ ഇന്നലെ ചെറിയ തര്‍ക്കമുണ്ടായിരുന്നു. ഇത് ചെറിയ സംഘര്‍ഷത്തിനും വഴിവെച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയെന്നോണം ഇന്ന് രാവിലെ അഖിലിന്റെ സുഹൃത്തിന് ചെറിയ തോതിലുള്ള മര്‍ദ്ദനം ഏല്‍ക്കേണ്ടിയും വന്നിരുന്നു. യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ തന്നെയാണ് മര്‍ദ്ദിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. അതിനെച്ചൊല്ലിയുള്ള തര്‍ക്കം വീണ്ടും സംഘര്‍ഷത്തിനു വഴിവെക്കുകയും അതിനിടയില്‍ അഖിലിന് കുത്തേല്‍ക്കുകയുമായിരുന്നു.