കോഴിക്കോട്: കോഴിക്കോട് മണാശ്ശേരി കെ.എം.സി.ടി ആയുര്‍വേദിക് കോളേജില്‍ കഴിഞ്ഞ അഞ്ച് ദിവസത്തോളമായി എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ച വിജയിച്ച പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥികളും അധ്യാപകരും തീരുമാനിച്ചത്.
മുടങ്ങിപ്പോയ പരീക്ഷകള്‍ നടത്തുന്നതടക്കമുള്ള മുഴുവന്‍ ആവശ്യങ്ങളും നേടിയെടുത്താണ് സമരം വിജയിച്ചത്. അകാരണമായി പുറത്താക്കിയ അധ്യാപകരെ തിരിച്ചെടുക്കാമെന്നും അഞ്ചാം വര്‍ഷ വിദ്യാര്‍ഥികളുടെ മുടങ്ങിയ പരീക്ഷകള്‍ എത്രയും വേഗം നടത്താമെന്നും ചൊവ്വാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ ഉറപ്പ് നല്‍കി.
അധ്യാപകരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സി.ഇ.ഒ. യുമായി ചര്‍ച്ചനടത്തി ഓഗസ്റ്റ് മാസത്തിനകം അറിയിക്കാമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ ഉറപ്പുനല്‍കി. അകാരണമായി പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 19 മുതല്‍ കോളേജിലെ അധ്യാപകര്‍ സമരത്തിലായിരുന്നു. അധ്യാപകരുടെ സമരത്തെ തുടര്‍ന്ന് പരീക്ഷകളും ക്ലാസുകളും മുടങ്ങിയതോടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്.
തുടര്‍ന്ന് വിദ്യാര്‍ഥികളുടെ സമരം എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി ഏറ്റെടുക്കുകയായിരുന്നു. എം.എല്‍.എ. ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വിനോദ്, എസ്.എഫ്.ഐ. ജില്ലാസെക്രട്ടറി ടി. അതുല്‍, പ്രസിഡന്റ് സിദ്ധാര്‍ത്ഥ് എന്നിവരും അധ്യാപകരും രക്ഷിതാക്കളും മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു.
നാളെ മുതല്‍ റഗുലര്‍ ക്ലാസുകള്‍ പുനരാരംഭിക്കും, മുടങ്ങിപ്പോയ പരീക്ഷകള്‍ ഉടന്‍ നടത്തും, രാജി സന്നദ്ധത അറിയിച്ച മുഴുവന്‍ അധ്യാപകരേയും തിരിച്ചെടുക്കും, കോളേജില്‍ പി.ടി.എ കമ്മറ്റി രൂപീകരിക്കും തുടങ്ങിയവയാണ് പ്രധാന തീരുമാനങ്ങള്‍.
സമരത്തിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മണാശ്ശേരിയില്‍ പ്രകടനം നടത്തി.