ജനാധിപത്യത്തെ സംരക്ഷിക്കുന്ന സംഘടനയ്ക്ക് നേരെ എ.ഐ.എസ്.എഫ് വിമര്‍ശനം ഉന്നയിക്കേണ്ട: സച്ചിന്‍ ദേവ്
Kerala News
ജനാധിപത്യത്തെ സംരക്ഷിക്കുന്ന സംഘടനയ്ക്ക് നേരെ എ.ഐ.എസ്.എഫ് വിമര്‍ശനം ഉന്നയിക്കേണ്ട: സച്ചിന്‍ ദേവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd April 2022, 2:49 pm

തിരുവനന്തപുരം: എസ്.എഫ്.ഐ ഫാസിസ്റ്റ് സംഘടനയാണെന്ന എ.ഐ.എസ്.എഫിന്റെ ആരോപണം തള്ളി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്. എന്ത് അടിസ്ഥാനത്തിലാണ് എ.ഐ.എസ്.എഫ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയതെന്ന് അറിയില്ലെന്ന് സച്ചിന്‍ ദേവ് പറഞ്ഞു.

എസ്.എഫ്.ഐക്കെതിരെ ചര്‍ച്ച ചെയ്താല്‍ മാധ്യമവാര്‍ത്തയാകുമെന്ന് എ.ഐ.എസ്.എഫ് കരുതുന്നുണ്ട്. സംസ്ഥാന നിലവാരത്തിലുള്ള സമ്മേളനം ചര്‍ച്ച ചെയ്തത് ഒറ്റപ്പെട്ട സംഭവങ്ങളെ പറ്റി മാത്രമാണ്. ഫാസിസവും ജനാധിപത്യ വിരുദ്ധതയും എ.ഐ.എസ്.എഫിന്റെ പൂര്‍വകാല ചരിത്രമാണ്.

ജനാധിപത്യത്തെ സംരക്ഷിക്കുന്ന സംഘടനയ്ക്ക് നേരെ എ.ഐ.എസ്.എഫ് വിമര്‍ശനം ഉന്നയിക്കേണ്ട. ക്യാമ്പസുകളിലും സര്‍വകലാശാലകളിലും എ.ഐ.എസ്.എഫ് നിലനില്‍ക്കുന്നത് എസ്.എഫ്.ഐയുടെ സഹായത്തോടെയാണ്. ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ വിശാല ഐക്യത്തിനെതിരെയാണ് എ.ഐ.എസ്.എഫ് നിലപാടെന്നും സച്ചിന്‍ ദേവ് വ്യക്തമാക്കി.

ഉത്തരേന്ത്യയില്‍ എ.ബി.വി.പി നടപ്പാക്കുന്ന ഫാസിസ്റ്റ് രീതി കേരളത്തില്‍ എസ്.എഫ്.ഐ പിന്തുടരുന്നുവെന്ന് എ.ഐ.എസ്.എഫിന്റെ വിമര്‍ശനത്തില്‍ പറയുന്നു. എ.ഐ.എസ്.എഫ് സംസ്ഥാനാ സമ്മേളന റിപ്പോര്‍ട്ടിലാണ് എസ്.എഫ്.ഐക്കെതിരായ രൂക്ഷവിമര്‍ശനമുള്ളത്.

എസ്.എഫ്.ഐക്ക് ഏകാധിപത്യ ശൈലിയാണ്. നിരന്തരം എസ്.എഫ്.ഐ അക്രമം അഴിച്ച് വിടുന്നു. സി.പി.ഐ.എം നേതൃത്വം ഇടപെട്ടിട്ടും അതില്‍ മാറ്റമില്ല.

സ്വാധീനമുള്ള കാമ്പസുകളില്‍ ഫാസിസ്റ്റ് ശൈലിയാണ് എസ്.എഫ്.ഐ സ്വീകരിക്കുന്നത്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം മുദ്രാവാക്യം എസ്.എഫ്.ഐയുടെ കൊടിയില്‍ മാത്രമേയുള്ളു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇടതു സംഘടനകള്‍ ഒന്നിച്ച് നില്‍ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ രാജ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അടുത്തിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയ പശ്ചാത്തലത്തില്‍ കൂടിയാണ് എ.ഐ.എസ്.എഫിന്റെ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നത്.

എം.ജി യൂണിവേഴ്സിറ്റിയില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ ആക്രമിച്ച സംഭവവും തൃശൂര്‍ ഒല്ലൂര്‍ വൈലോപ്പിള്ളി ഗവ. കോളേജില്‍ എ.ഐ.എസ്.എഫ് നടത്തിയ പഠിപ്പ് മുടക്ക് സമരത്തിനിടയില്‍ എസ്.എഫ്.ഐ അക്രമം നടത്തിയതും ഇരുസംഘടകള്‍ക്കുമിടയില്‍ നേരത്തെതന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.

Content Highlights: SFI State Secretary Sachin Dev give reply AISF’s statement