| Saturday, 13th August 2022, 4:33 pm

ബാനര്‍ സംവാദം കെ.എസ്.യു പൈങ്കിളിവത്കരിച്ചു; ഇനി സംവദിക്കേണ്ട ആവശ്യം എസ്.എഫ്.ഐക്ക് ഇല്ല: പി.എം. ആര്‍ഷോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എസ്.എഫ്.ഐയെ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹൈബി ഈഡന്‍ എം.പിക്കുളള രാഷ്ട്രീയ മറുപടിയാണ് മഹാരാജാസ് കോളേജില്‍ ഉയര്‍ന്ന ബാനറെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. മഹാരാജാസിലെ കെ.എസ്.യു അതിനെ നേരിട്ടത് ഇന്ദിരയേയും ഈഡനേയും ജനഹൃദയങ്ങളില്‍ കുടിയിരുത്തിക്കൊണ്ട് പൈങ്കിളിവത്കരിച്ചാണെന്നും ആര്‍ഷോ പറഞ്ഞു.

എസ്.എഫ്.ഐ പറയാന്‍ ശ്രമിച്ച രാഷ്ട്രീയത്തെ ഒടുവില്‍ അംഗീകരിച്ച മഹാരാജാസിലെ കെ.എസ്.യു ബാനറിന് മുകളില്‍ ഇനിയൊരു ബാനര്‍ കൊണ്ട് ഒന്നും സംവദിക്കേണ്ട ആവശ്യം എസ്.എഫ്.ഐക്ക് ഇല്ലെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു. ജനഹൃദയങ്ങളിലുള്ളത് ഇന്ദിരയുടെ അടിയന്തരാവസ്ഥകാലത്തെ ഫാസിസമാണെന്നും ആര്‍ഷോ വിമര്‍ശിച്ചു.

കഴിഞ്ഞ കുറച്ച് ദിവസമായി എറണാകുളം മഹാരാജാസ് കേളേജില്‍ ബാനര്‍ സംവാദം ചൂടുപിടിക്കുന്നുണ്ട്. എസ്.എഫ്.ഐയെ നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യം ഉന്നയിച്ചതിനെതിരെ ‘ഇന്ദിരക്ക് കഴിഞ്ഞില്ല പിന്നല്ലേ ഈഡന്’ എന്ന ബാനര്‍ എസ്.എഫ്.ഐ ആണ് ആദ്യമായി കോളേജിന് മുമ്പില്‍ തൂക്കിയത്. ഇതിനെത്തുടര്‍ന്ന് കെ.എസ്.യു ‘ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും’ എന്ന ബാനര്‍ തൂക്കി. കെ.എസ്.യു ബാനറിന് മറുപടിയായി എസ്.എഫ്.ഐ ‘ അതെ ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ…’ എന്ന ബാനറാണ് വെച്ചത്.

എസ്.എഫ്.ഐ ബാനറിനെതിരെ കെ.എസ്.യു വീണ്ടും ബാനര്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ ഫേസ്ബുക്ക് കുറിപ്പ്. പഴയ ഇന്ദിരാ കോണ്‍ഗ്രസുകാര്‍ അടിയന്തരാവസ്ഥ കാലത്ത് വിളിച്ച അതെ കുപ്രസിദ്ധമായ മുദ്രാവാക്യമാണ് കെ.എസ്.യുവിന്റെ പുതിയ ബാനറിലുളളതെന്നും ആര്‍ഷോ വിമര്‍ശിച്ചു. ‘വര്‍ഗീയതയും കമ്മ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത് ഇന്ത്യ ഈസ് ഇന്ദിര, ഇന്ദിര ഈസ് ഇന്ത്യ’ എന്നാണ് കെ.എസ്.യു സ്ഥാപിച്ച പുതിയ ബാനറില്‍ പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മഹാരാജാസിലെ കെ.എസ്.യു തന്നെ സമ്മതിച്ചു തന്ന സ്ഥിതിക്ക് എസ്.എഫ്.ഐക്ക് ഇതിനു മുകളില്‍ ഒന്നും പറയാനില്ല.

1970-ല്‍ രൂപം കൊണ്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിപ്ലവ പ്രസ്ഥാനമായ എസ്.എഫ്.ഐ അടിയന്തരാവസ്ഥയുടെ ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ കണ്ട നാളുകളിലൂടെയാണ് ഇന്ത്യന്‍ ക്യാമ്പസുകളിലും ഇന്ത്യന്‍ തെരുവുകളിലും ജീവോര്‍ജ്ജമാര്‍ജിച്ചത്. തുടര്‍ന്ന് കേരളത്തിലെ ക്യാമ്പസുകള്‍ കഠാരയുടെ രാഷ്ട്രീയം കൊണ്ട് അടക്കി ഭരിച്ച കെ.എസ്.യു ക്രിമിനലുകളുടെ ഗൂണ്ടാ പടക്ക് മുന്നില്‍ മുഷ്ടി ചുരുട്ടിയാണ് ഇന്ന് കേരളത്തിലെ മുഴുവന്‍ കലാലയങ്ങളിലും എസ്.എഫ്.ഐയുടെ നക്ഷത്രാങ്കിത ശുഭ്രാ പതാക ഉയര്‍ന്നു പാറി കേരളത്തിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെ പിന്തുണയുള്ള സമര സംഘടനയായി മാറിയത്. ആ വഴിത്താരയില്‍ കെ.എസ്.യുവിന്റെ കഠാരയുടെ രാഷ്ട്രീയത്തിന് മുന്നില്‍ പിടഞ്ഞു വീണത് അനേകം ടഎക രക്തസാക്ഷികളുടെ ജീവനാണ്.

തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചത് കോടതി കണ്ടെത്തുകയും തെരഞ്ഞെടുപ്പ് റദ്ധാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു രാജ്യത്തെ പൂട്ടിയിടുന്നത്. ഏകാധിപത്യ ഫാസിസത്തിന്റെ ഇരുണ്ട ദിനങ്ങളില്‍ അമ്മയും മകനും കൂടി കാട്ടി കൂട്ടിയ ക്രൂര വിനോദങ്ങള്‍ ഇന്ത്യ ഇനിയും മറക്കാറായിട്ടില്ല. പ്രതിപക്ഷ ശബ്ദത്തെ ഒന്നടങ്കം തടവിലിട്ടും, തെരുവിലിട്ടും കൊന്ന് കൂട്ടിയ ആ ഇന്ദിരാ ഭരണത്തോട് ക്യാമ്പസിലും തെരുവിലും നേരിട്ട് പൊരുതി ജനാധിപത്യ ശബ്ദമുയര്‍ത്തി കൊണ്ടാണ് എസ്.എഫ്.ഐ വളര്‍ന്ന് വന്നത്. അന്ന് പോലും എസ്.എഫ്.ഐയെ നിരോധിക്കാന്‍ ഇന്ദിരക്ക് കഴിഞ്ഞിട്ടില്ല.

സോണിയാ – രാഹുല്‍ ഗാന്ധിമാരെ കള്ളപ്പണ കേസില്‍ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ സമരം ചെയ്ത ഹൈബി ഈഡന്‍ തനിക്ക് ലഭിച്ച ഇടവേളയില്‍ പാര്‍ലിമെന്റിലെത്തിയപ്പോള്‍ ആവശ്യപ്പെട്ട സുപ്രധാനമായ കാര്യമായിരുന്നു എസ്.എഫ്.ഐയെ നിരോധിക്കുക എന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ എഴുതി കൊടുക്കുന്നത് പാര്‍ലിമെന്റില്‍ ഏറ്റുപറയുന്ന കേന്ദ്ര മന്ത്രിമാരുമായുള്ള ബന്ധത്തിന്റെ ഓര്‍മയുടെ പുറത്ത് ഹൈബി ഈഡന് പാര്‍ലിമെന്റില്‍ തോന്നിയ വഷളത്തരത്തോടുള്ള രാഷ്ട്രീയ മറുപടിയാണ് മഹാരാജാസിലെ എസ്.എഫ്.ഐ സഖാക്കള്‍ ഉയര്‍ത്തിയ ‘ഇന്ദിരക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന് ‘ എന്ന ബാനര്‍. എന്നാല്‍ മഹാരാജാസിലെ കെ.എസ്.യു അതിനെ നേരിട്ടത് ഇന്ദിരയേയും ഈഡനേയും ജനഹൃദയങ്ങളില്‍ കുടിയിരുത്തിക്കൊണ്ട് പൈങ്കിളി വത്കരിച്ചാണ്. ജനഹൃദയങ്ങളിലുള്ളത് ഇന്ദിരയുടെ അടിയന്തരാവസ്ഥകാലത്തെ ഫാസിസം ആണെന്ന് വീണ്ടുമോര്‍മ്മിപ്പിച്ച എസ്.എഫ്.ഐയ്ക്ക് കെ.എസ്.യു നല്‍കിയ മറുപടി വളരെ രസകരമാണ്. ‘ഇന്ത്യ എന്നാല്‍ ഇന്ദിര ആണെന്നും ഇന്ദിരാ എന്നാല്‍ ഇന്ത്യ ആണെന്നും ‘പഴയ ഇന്ദിരാ കോണ്‍ഗ്രസുകാര്‍ അടിയന്തരാവസ്ഥ കാലത്ത് വിളിച്ച അതെ കുപ്രസിദ്ധമായ മുദ്രാവാക്യമാണ് കെ.എസ്.യുവിന് മറുപടിയായി പറയാനുള്ളത്.

മോദി സര്‍ക്കാരിന്റെ ഏകാധിപത്യ കാലത്ത് ഇന്ത്യ മോദിയുടേതല്ല, ഈ രാജ്യത്തെ ജനാധിപത്യ വിശ്വാസികളുടെതാണെന്ന് പറഞ്ഞു ഏകാധിപത്യത്തിനെതിരെ സമരം ചെയ്യുന്നത് ഈ നാട്ടിലെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ജനാധിപത്യ സമൂഹമാണ്. അവരുടെ മുന്നിലേക്കാണ് ഏകാധിപത്യത്തിന്റെ ക്രൂര ദിനങ്ങള്‍ അഭിമാനത്തോടെ വീണ്ടും പറഞ്ഞു ഇന്ത്യ ഏതെങ്കിലും ഏകാധിപതിയുടെതായിരുന്നു എന്ന് കെ.എസ്.യു വിളിച്ച് പറയുന്നത്. എത്രമാത്രം ശുഷ്‌കവും അടിമവല്‍ക്കരിച്ചതുമാണ് മഹാരാജാസിലെ കെ.എസ്.യുവിന്റെ ജനാധിപത്യ ബോധമെന്ന് അവര്‍ തന്നെ ബാനര്‍ കെട്ടി കാണിച്ചു തന്നു. എസ്.എഫ്.ഐ എന്താണോ പറയാന്‍ ശ്രമിച്ചത് അതിന് കെ.എസ്.യു തന്നെ അടിവരയിട്ട് തന്നു.

അടിയന്തയരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ ഇന്ദിരാ എന്നാല്‍ ഇന്ത്യ എന്ന മുദ്രാവാക്യത്തിനെതിരെ ഇന്ദിരാ കോണ്‍ഗ്രസിനെതിരെ നിലകൊണ്ടവരില്‍ പ്രമുഖനാണ് ഇന്നത്തെ കെ.പി.സി.സി അധ്യക്ഷന്‍. ഇന്ത്യ എന്നാല്‍ ഇന്ദിരാ എന്നായിരുന്നോ എന്ന് മഹാരാജാസിലെ കെ.എസ്.യുക്കാര്‍ സമയം ലഭിക്കുമ്പോള്‍ അദ്ദേഹത്തോട് ചോദിച്ചു നോക്കണം.

എസ്.എഫ്.ഐ പറയാന്‍ ശ്രമിച്ച രാഷ്ട്രീയത്തെ ഒടുവില്‍ അംഗീകരിച്ച മഹാരാജാസിലെ കെ.എസ്.യു ബാനറിന് മുകളില്‍ ഇനിയൊരു ബാനര്‍ കൊണ്ട് ഒന്നും സംവദിക്കേണ്ട ആവശ്യം എസ്.എഫ്.ഐക്ക് ഇല്ല.

Content Highlight: SFI State Secretary PM Arsho Says SFI Banner in Maharajas is a Political Answer to KSU

We use cookies to give you the best possible experience. Learn more