| Wednesday, 7th June 2023, 3:57 pm

എസ്.എഫ്.ഐയെ ഇല്ലാതാക്കി കളയാമെന്ന് കരുതേണ്ട; പിന്നില്‍ മാധ്യമ ഗൂഢാലോചന; നിയമനടപടിയുമായി മുന്നോട്ട് പോകും: പി.എം. ആര്‍ഷോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പള്‍ മൂന്നോ നാലോ വട്ടം വാക്ക് മാറ്റിമാറ്റി പറയുകയാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. തനിക്കെതിരായ വ്യാജ ആരോപണങ്ങള്‍ക്ക് പിന്നില്‍ മാധ്യമ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ആര്‍ഷോ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലുള്ള താന്‍, പരീക്ഷ എഴുതാതെ അധ്യാപകരെ സ്വാധീനിച്ച് കൃത്രിമ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്ന ആളാണെന്ന് വരുത്തിതീര്‍ക്കാന്‍ ഓവര്‍ ടൈം പണിയെടുക്കുകയായിരുന്നു മാധ്യമങ്ങളെന്നും ആര്‍ഷോ പറഞ്ഞു.

‘ഇപ്പോള്‍ നിങ്ങള്‍ക്ക് ആ അഭിപ്രായത്തില്‍ മാറ്റമുണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വ്യാജ ആരോപണങ്ങളുമായി ബന്ധപ്പെട്ട് പൊലീസിനും ഉന്നതവിദ്യാഭ്യാസ വകുപ്പിലും പരാതി കൊടുക്കും.

ക്യാമ്പസിനകത്ത് ഉണ്ടായിട്ടുള്ള ഗൂഢാലോചനകളുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അതിനപ്പുറത്ത് അടുത്ത രണ്ട് ദിവസങ്ങളില്‍ മാധ്യമ ഗൂഢാലോചനകള്‍ ഈ വിഷയത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന് എസ്.എഫ്.ഐ സംശയിക്കുകയാണ്,’ ആര്‍ഷോ പറഞ്ഞു.

ഇത്തരം വ്യാജപ്രചരണങ്ങള്‍ കൊണ്ട് എസ്.എഫ്.ഐയെ ഇല്ലാതാക്കി കളയാമെന്ന് ചില മാധ്യമങ്ങള്‍ വിചാരിക്കുന്നുണ്ടെങ്കില്‍ ആ ധാരണ മാറ്റിവെക്കാനും തിരുത്താനും തയ്യാറാകണമെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.

‘അമല്‍ ജ്യോതി കോളേജില്‍ ഒരു വിദ്യാര്‍ത്ഥി ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡറിനിരയായ സമയത്ത് എസ്.എഫ്.ഐ സമരവുമായി മുന്നോട്ട് പോകുന്ന സമയത്താണ് ഈ ആരോപണം ഉയര്‍ത്തിയിട്ടുള്ളത്.

ഈ വിഷയം പൊതുസമൂഹത്തിലേക്ക് എത്തരുതെന്നും ചര്‍ച്ചയാകരുതെന്നും ലക്ഷ്യമിട്ട് ചില മാധ്യമങ്ങള്‍ കോളേജ് മാനേജ്‌മെന്റിന്റെ പണം പറ്റിയടക്കം ഗൂഢാലോചന നടത്തിയിട്ടുണ്ട്. നിങ്ങള്‍ക്ക് കാണുമ്പോള്‍ ഓടിക്കയറാനുള്ള ചെരിഞ്ഞ തെങ്ങല്ല എസ്.എഫ്.ഐ എന്ന് മനസിലാക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം,’ ആര്‍ഷോ പറഞ്ഞു.

Content Highlights: sfi state secretary pm arsho lashes out at principal and media over fake news

We use cookies to give you the best possible experience. Learn more