Kerala News
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്ക് ജാമ്യം; സാക്ഷികളെ സ്വാധീനിക്കരുതെന്നും സമാന കുറ്റത്തിലേര്‍പ്പെടരുതെന്നും ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 10, 09:26 am
Wednesday, 10th August 2022, 2:56 pm

കൊച്ചി : വധശ്രമക്കേസില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. റിമാന്‍ഡിലായിരുന്ന ആര്‍ഷോയ്ക്ക് പി.ജി പരീക്ഷ എഴുതാനായി നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ഉപാധികളോടെ ജാമ്യം നല്‍കിയത്.

സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റത്തിലേര്‍പ്പെടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്. വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനാണ് ആര്‍ഷോ അറസ്റ്റിലായത്.

2018ല്‍ എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ വെച്ച് വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസിലാണ് ആര്‍ഷോയ്ക്ക് എതിരെ പൊലീസ് കേസെടുത്തത്. കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഇക്കഴിഞ്ഞ ജൂണില്‍ ആര്‍ഷോയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.

കേസില്‍ ഇതുവരെ അന്വേഷണം പൂര്‍ത്തിയാകാത്തതുമായി ബന്ധപ്പെട്ട് പൊലീസിനെ അതിരൂക്ഷമായി വിമര്‍ശിച്ചാണ് കോടതി നേരത്തെ ആര്‍ഷോയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നത്. പിന്നാലെ ജൂലൈ 22ന് ആര്‍ഷോയ്ക്ക് കോടതി പരീക്ഷ എഴുതുന്നതിന് ഇടക്കാല ജാമ്യം നല്‍കുകയായിരുന്നു.

പരീക്ഷ എഴുതാന്‍ ആവശ്യമായ ഹാജര്‍ ആര്‍ഷോയ്ക്ക് ഇല്ലെന്നും നിയമ വിരുദ്ധമായിട്ടാണ് ഹാള്‍ ടിക്കറ്റ് നല്‍കിയത് എന്നും പരാതിക്കാരന്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, ഹാള്‍ ടിക്കറ്റ് നല്‍കിയ സാഹചര്യത്തില്‍ ആര്‍ഷോ പരീക്ഷ എഴുതട്ടെയെന്ന് അന്ന് കോടതി നിലപാട് എടുത്തു.

നാല്‍പ്പതോളം കേസുകളില്‍ പ്രതിയാണ് ആര്‍ഷോ. എസ്.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ആര്‍ഷോയെ ഇക്കഴിഞ്ഞ പെരിന്തല്‍മണ്ണയില്‍ വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ആര്‍ഷോ വീണ്ടും അറസ്റ്റിലാവുന്നത്.

Content Highlight: SFI State Secretary PM Arsho got bail from high court