രജിസ്ട്രാറുടെ വെളിപ്പെടുത്തല്‍ പരിശോധിക്കും; മാഫിയകളിലേക്കും ഏജന്റുമാരിലേക്കും അന്വേഷണം നീളണം: ആര്‍ഷോ
Kerala News
രജിസ്ട്രാറുടെ വെളിപ്പെടുത്തല്‍ പരിശോധിക്കും; മാഫിയകളിലേക്കും ഏജന്റുമാരിലേക്കും അന്വേഷണം നീളണം: ആര്‍ഷോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th June 2023, 6:05 pm

തിരുവനന്തപുരം: നിഖില്‍ തോമസ് കലിംഗ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിട്ടില്ലെന്ന രജിസ്ട്രാറുടെ വെളിപ്പെടുത്തല്‍ പരിശോധിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. സ്വാഭാവികമായും സമഗ്രമായ അന്വേഷണമാണ് ഈ വിഷയത്തില്‍ നടക്കേണ്ടതെന്നും അന്വേഷണം നടക്കുന്നതിന് ആവശ്യമായ പരാതി തങ്ങളടക്കം നല്‍കുമെന്നും ആര്‍ഷോ പറഞ്ഞു.

സര്‍വകലാശാല നല്‍കിയ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് ബോധ്യപ്പെട്ടെന്ന് മാത്രമാണ് മാധ്യമങ്ങളോട് പറഞ്ഞതെന്ന് ആര്‍ഷോ പറഞ്ഞു. ‘ഏതാനും മാധ്യമങ്ങള്‍ രാവിലെ സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ടുവന്ന് തന്നു. അവ പരിശോധിച്ചതില്‍ നിന്ന് സര്‍വകലാശാല നല്‍കിയ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് ബോധ്യപ്പെട്ടെന്ന് മാത്രമാണ് മാധ്യമങ്ങളോട് പറഞ്ഞത്.

 

അതോടൊപ്പം ഉണ്ടാകാനിടയുള്ള ഒരു വിഷയം കൂടി അന്വേഷിക്കണം എന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. വസ്തുതയെന്തെന്ന് പൂര്‍ണാര്‍ത്ഥത്തില്‍ പുറത്തുവരണമെന്നാണ് എസ്.എഫ്.ഐ ആവശ്യപ്പെടുന്നത്.

അറ്റന്‍ഡന്‍സ് ഉള്‍പ്പെടെയുള്ള വിഷയം പരിശോധിക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. അന്വേഷണം നടക്കുമ്പോള്‍ വ്യാജ സര്‍വകലാശാലകളിലേക്ക് കൂടി നീളണം. ഇത്തരം സര്‍വകലാശാലകളിലേക്ക് ആളുകളെ എത്തിക്കുന്ന മാഫിയകളിലേക്കും ഏജന്റുമാരിലേക്കും അന്വേഷണം നീളണം.

അറ്റന്‍ഡന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങളുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് എസ്.എഫ്.ഐ ആണ്. കലിംഗയില്‍ പോയി എസ്.എഫ്.ഐ പരിശോധിച്ചിട്ടില്ല. വ്യാജനാണോ എന്നതില്‍ ഇനി അന്വേഷണമാണ് നടക്കേണ്ടത്. പറഞ്ഞത് ബോധ്യപ്പെട്ട കാര്യമാണ്.

ആരോപണവിധേയനായ എം.എസ്.എം കോളേജ് മുന്‍ യൂണിറ്റ് സെക്രട്ടറി നിഖില്‍ തോമസിനെ സംഘടനാ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തി അന്വേഷണം നടത്തും,’ പി.എം. ആര്‍ഷോ പറഞ്ഞു.

അതേസമയം, നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് കലിംഗ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. സന്ദീപ് ഗാന്ധി വ്യക്തമാക്കി. ‘ഈ കാലയളവില്‍ നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ല.

നിഖില്‍ തോമസിനെതിരെ നിയമനടപടി എടുക്കും. മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചത്,’ കലിംഗ രജിസ്ട്രാര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: sfi state secretary pm arsho explains about fake certificate news