കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല സിലബസിനെ പിന്തുണച്ച് എസ്.എഫ്.ഐ യൂണിവേഴ്‌സിറ്റി യൂണിയന്‍. സവര്‍ക്കറേയും ഗോള്‍വാള്‍ക്കറിനേയും കുറിച്ച് പഠിച്ച ശേഷം അതിനെ വിമര്‍ശനാത്മകമായി കൈകാര്യം ചെയ്യണമെന്നാണ് യൂണിയന്റെ നിലപാടെന്നാണ് എസ്.എഫ്.ഐ അറിയിച്ചിരിക്കുന്നത്.
വിഷയം ചര്‍ച്ചചെയ്ത് നിലപാട് തീരുമാനിക്കാന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭരിക്കുന്ന എസ്.എഫ്.ഐ ഇന്ന് യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ എസ്.എഫ്.ഐ യൂണിവേഴ്‌സിറ്റി യൂണിയന്‍ നിലപാട് അറിയിച്ചത്.
സിലബസില്‍ പറയുന്ന ചില രാഷ്ട്രീയ അജണ്ടകളുമായി ബന്ധപ്പെട്ടാണ് ഇത്തരം സമരങ്ങള്‍ ഇവിടെ നടക്കുന്നതെന്നും എന്നാല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ കോഴ്‌സ് സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചിട്ടുണ്ടെന്നും എസ്.എഫ്.ഐ യൂണിയന്‍ ചെയര്‍മാന്‍ പറഞ്ഞു.
നാം എല്ലാവരേയും കുറിച്ച് പഠിക്കണം. നമ്മള്‍ ബൈബിളിനെ കുറിച്ച് ക്രിട്ടിസിസം നടത്തുന്ന സമയത്ത് ബൈബിളിനെ കുറിച്ച് സംസാരിച്ചാണ് പഠിക്കേണ്ടത്. ഏത് മതഗ്രന്ഥമായാലും അതിനെ പഠിച്ചുകൊണ്ടാണ് നിലപാടുകള്‍ പറയേണ്ടത്. ഇതാണ് സര്‍വകലാശാല യൂണിയന്റെ നിലപാട്.
സവര്‍ക്കറുടെ പുസ്തകം പഠിക്കേണ്ടത് വിമര്‍ശനാത്മകമായി വേണം. സിലബസുമായി ബന്ധപ്പെട്ട് നിഷേധാത്മകമായ നിലപാട് സ്വീകരിച്ചിട്ടില്ല. ഇന്നലെ സമരത്തിന് വന്നവരോട് സര്‍വകലാശാല ചര്‍ച്ച നടത്തി. ഇന്നും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യപരമായ സമീപനമാണ് ഇക്കാര്യത്തില്‍ സര്‍വകലാശാല സ്വീകരിച്ചിരിക്കുന്നതെന്നും കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ അറിയിച്ചു.
ഇന്ത്യയില്‍ സംഘപരിവാറിനെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്ന ക്യാമ്പസാണ് ജെ.എന്‍.യു. അവിടെ സവര്‍ക്കറെ കുറിച്ചും ഗോള്‍വാള്‍ക്കറിനെ കുറിച്ചും പഠിപ്പിക്കുന്നുണ്ട്. പഠിച്ചുകൊണ്ട് വിമര്‍ശിക്കുക തന്നെയാണ് വേണ്ടത്. ആരാണ് സവര്‍ക്കറെന്ന് ഇന്നത്തെ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. അവര്‍ സവര്‍ക്കറെ മനസിലാക്കുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്ത ആളായിട്ടല്ല. മറിച്ച് സ്വാതന്ത്ര്യമസരത്തെ ഒറ്റുകൊടുത്ത ആളെന്ന നിലയിലാണ് ഇതെല്ലാം പഠിച്ചു തന്നെയാണ് മനസിലാക്കുന്നത്. ഇത് പഠിച്ചതുകൊണ്ട് അവരുടെ ആശയം നമ്മള്‍ നടപ്പിലാക്കണമെന്നില്ലെന്നും യൂണിയന്‍ ചെയര്‍മാന്‍ പറഞ്ഞു.
അതേസമയം എത്ര പ്രതിഷേധം ഉണ്ടായാലും കണ്ണൂര്‍ സര്‍വകലാശാല പി.ജി സിലബസ് പിന്‍വലിക്കില്ലെന്ന് വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. ഗോള്‍വാള്‍ക്കറും സവര്‍ക്കറും അടിത്തറയിട്ട, രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം എന്തെന്ന് വിദ്യാര്‍ത്ഥികള്‍ മനസിലാക്കേണ്ടതുണ്ട്. യോജിപ്പില്ലാത്ത പുസ്തകം വായിക്കരുത് എന്നത് താലിബാന്‍ രീതിയാണെന്നും ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാല പി.ജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് പാഠ്യപദ്ധതിയില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികള്‍ ഉള്‍പ്പെടുത്തിയതിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം നടത്തുന്ന പശ്ചാത്തലത്തിലാണ് വി.സി നിലപാട് വ്യക്തമാക്കിയത്.
കേരളത്തിലെ മറ്റ് സര്‍വകലാശാലകളും ഈ പുസ്തകങ്ങള്‍ പഠിപ്പിക്കണമെന്നും എക്‌സ്‌പേര്‍ട്ട് കമ്മറ്റി തന്ന ഗവേര്‍ണന്‍സ് ആന്റ് പൊളിറ്റിക്‌സ് സിലബസ് ഇന്നലെ വിവാദമായപ്പോഴാണ് താന്‍ മുഴുവനായി വായിച്ചതെന്നും ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.
അതേസമയം, സിലബസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എസ്.എഫ് ഇന്ന് പതിനൊന്നുമണിക്ക് യൂണിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തും. പ്രതിപക്ഷ സംഘടനകളായ കെ.എസ്.യുവും എം.എസ്.എഫും തുടര്‍ സമരങ്ങള്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം