തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ വന്‍പ്രതിഷേധത്തില്‍ എസ്.എഫ്.ഐ. കേരള സര്‍വകലാശാല സംസ്‌കൃതം ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന മൂന്ന് ദിവസത്തെ സെമിനാര്‍ ഉദ്ഘാടനത്തിനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
സെനറ്റ് ഹാളിനകത്തേക്ക് പ്രതിഷേധക്കാര്‍ കയറാതിരിക്കാന്‍ പൊലീസ് വെച്ചിരുന്ന ബാരിക്കേഡും ജലപീരങ്കിയും മറികടന്നാണ് എസ്. എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം.
സെമിനാര്‍ നടക്കുന്ന വേദിയുടെ പുറത്തുതന്നെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഗവര്‍ണര്‍ സര്‍വകലാശാലയിലെത്തുന്നത്. വി സി നിയമനങ്ങളില്‍ ഗവര്‍ണര്‍ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നുവെന്നും സ്വന്തം നിലയില്‍ സെനറ്റ് അംഗങ്ങളെ നിയമിക്കുന്നതിനെതിരെയുമാണ് പ്രതിഷേധം.
സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ കാവിവത്ക്കരണം നടത്തുന്നുവെന്നും സര്‍വകലാശാലയിലെ എസ്.എഫ്.ഐ യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്ന് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ എസ്.എഫ്.ഐ ചൂണ്ടിക്കാട്ടുന്നുണ്ട്.
Content Highlight: SFI staged a massive protest against the Governor in Kerala University