| Saturday, 8th May 2021, 10:19 pm

കൊവിഡ് പ്രതിരോധ വാക്‌സിന്‍ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി നല്‍കണം; സുപ്രീം കോടതിയെ സമീപിച്ച് എസ്.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാവര്‍ക്കും സൗജന്യമായി നടപ്പാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ. വ്യക്തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ക്ക് ജി.എസ്.ടി ഒഴിവാക്കണമെന്നും എസ്.എഫ്.ഐ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെടുന്നു.

എസ്.എഫ്.ഐ ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസ് ആണ് കോടതിയെ സമീപിച്ചത്. മഹാമാരി കാലത്ത് അവശ്യസാധനങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടാണ് എസ്.എഫ്.ഐ കോടതിയെ സമീപിച്ചിരിക്കുന്നത്.

കേന്ദ്രം വാക്‌സിന്‍ സൗജന്യമായി നല്‍കുന്നത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകള്‍ക്കുള്‍പ്പെടെ സഹായകരമായിരിക്കും. എല്ലാവരിലും കൊവിഡ് കൂട്ടമായി വ്യാപിക്കുന്നത് കുറയ്ക്കാനും ഈ നടപടി സഹായിക്കുമെന്നും ഹരജിയില്‍ പറയുന്നു.

മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ക്ക് കേന്ദ്രം 12 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ട്. രാജ്യത്തെ പൗരന്മാരുടെ ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പു വരുത്തുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഓക്‌സിജന്‍ ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ ലഭ്യമാകേണ്ടതുണ്ടെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.

നിലവില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെകിനും മാത്രമാണ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള അനുമതി. എന്നാല്‍ 1970ലെ പേറ്റന്റ് നിയമത്തിലെ ഭേദഗതികള്‍ മുന്‍ നിര്‍ത്തി, മറ്റു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കും വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള അനുമതി നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: SFI seeks supreme court’s intervention in Covid affaisrs and asks universal free vaccination programme

We use cookies to give you the best possible experience. Learn more