രക്ഷിതാക്കളുടെ രാഷ്ട്രീയം നോക്കിയല്ല വിദ്യാര്‍ത്ഥികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത്; ബിരിയാണി വിവാദം രാഷ്ട്രീയ ലക്ഷ്യംവെച്ച്, അരാഷ്ട്രീയ വാദികള്‍ വ്യാജപ്രചരണം ഏറ്റെടുത്തു: എസ്.എഫ്.ഐ
Kerala News
രക്ഷിതാക്കളുടെ രാഷ്ട്രീയം നോക്കിയല്ല വിദ്യാര്‍ത്ഥികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത്; ബിരിയാണി വിവാദം രാഷ്ട്രീയ ലക്ഷ്യംവെച്ച്, അരാഷ്ട്രീയ വാദികള്‍ വ്യാജപ്രചരണം ഏറ്റെടുത്തു: എസ്.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th July 2022, 3:20 pm

പാലക്കാട്: പാലക്കാട് ജി.വി.എച്ച്.എസ്.എസ് പത്തിരിപ്പാലയിലെ വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സമരത്തിന് കൊണ്ടുപോയതിനെ ചൊല്ലിയുള്ള വിവാദം രാഷ്ട്രീയ പ്രേരിതമെന്ന് എസ്.എഫ്.ഐ. ബിരിയാണി വാങ്ങിത്തരാമെന്ന് പറഞ്ഞല്ല കുട്ടികളെ കൊണ്ടുപോയതെന്നും ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്നും എസ്.എഫ്.ഐ ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചിലര്‍ വന്ന് അനാവശ്യപ്രശ്‌നത്തിന് ശ്രമിക്കുകയായിരുന്നു. മാധ്യമങ്ങളും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. തെറ്റായ പ്രചരണം നടക്കുന്ന സമയത്ത് എസ്.എഫ്.ഐയുടെ നിലപാടറിയാനോ അതിന്റെ വസ്തുത അന്വേഷിക്കാനോ മാധ്യമങ്ങള്‍ തയ്യാറാക്കാത്തത് ശരിയല്ല. അത് ഒരു സാമാന്യമര്യാദയാണെന്നു എസ്.എഫ്.ഐ ഭാരവാഹികള്‍ പറഞ്ഞു.

എസ്.എഫ്.ഐ ഒരു വിദ്യാര്‍ത്ഥികളെയും പിടിച്ചുകൊണ്ടുപോകുന്നില്ല. പത്തിരിപ്പാല സ്‌കൂളില്‍ സംഘടനാപരമായി മുന്നില്‍ നില്‍ക്കുന്ന സംഘടന എസ്.എഫ്.ഐയാണ്. രണ്ട് ദിവസം സംഘടനാ പ്രതിനിധികള്‍ നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് കളക്ടറേറ്റ് മാര്‍ച്ചില്‍ വിദ്യാര്‍ത്ഥികളെത്തിയത്.

രക്ഷിതാക്കളുടെ രാഷ്ട്രീയം നോക്കിയല്ല എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത്. താല്‍പര്യം പ്രകടിപ്പിക്കുന്ന എല്ലാവരെയും സംഘടനയുടെ ഭാഗമാക്കും. ഭാവിയിലും ആ സമീപനം തുടരുമെന്നും എസ്.എഫ്.ഐ അറിയിച്ചു.

രാഷ്ട്രീയ ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്നവര്‍ ഇപ്പോഴുണ്ടായ വിവാദത്തിന് പിന്നിലുണ്ട്. കഴിഞ്ഞ ദിവസം ചിലര്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് ബിരിയാണി എന്ന് ആദ്യമായി പറയുന്നത്. ഇല്ലാത്ത ബിരിയാണിക്കഥയുണ്ടാക്കി വിദ്യാര്‍ത്ഥികളെ പറഞ്ഞുപഠിപ്പിച്ചത് അവരാണ്. അരാഷ്ട്രീയം കുട്ടികളില്‍ കുത്തിവെക്കണം എന്ന താല്‍പര്യമുള്ളവരും അവര്‍ക്കൊപ്പം കൂടിയിട്ടുണ്ടെന്നും എസ്.എഫ്.ഐ ആരോപിച്ചു.

അതേസമയം, എസ്.എഫ്.ഐ പ്രകടനത്തില്‍ പങ്കെടുക്കാന്‍ പോയത് സ്‌കൂളിന്റെയോ അധ്യാപകരുടെയോ അറിവോടെയല്ലെന്ന് പ്രധാനാധ്യാപിക ടി. അനിത വ്യക്തമാക്കി. സംഘടന കുട്ടികളെ പ്രകടനത്തില്‍ പങ്കെടുപ്പിച്ചത് തെറ്റെന്നും അനിത പറഞ്ഞു.

കുട്ടികളുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും സ്‌കൂള്‍ വരുത്തിയിട്ടില്ലെന്ന് പി.ടി.എ പ്രസിഡന്റ് സുരേഷ് അറിയിച്ചു. സ്‌കൂളിന് പുറത്ത് നിന്നാണ് വിദ്യാര്‍ത്ഥികളെ സമരക്കാര്‍ വിളിച്ച് പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS: SFI Says the controversy over students of GVHSS Pathiripala, Palakkad, politically motivated.