| Thursday, 11th August 2022, 9:24 pm

'ഞങ്ങളുടെ ത്യാഗം ഞങ്ങളുടെ പൂര്‍ണ അറിവോടെ'; ആര്‍ഷൊക്ക് അഭിവാദ്യങ്ങളുമായി എസ്.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വധശ്രമക്കേസില്‍ ജാമ്യം ലഭിച്ച സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷൊക്ക് അഭിവാദ്യങ്ങളുമായി എസ്.എഫ്.ഐ. സംഘടനയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ച പോസ്റ്റിലാണ് എസ്.എഫ്.ഐ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത്.

‘ഞങ്ങളുടെ ത്യാഗം ഞങ്ങളുടെ പൂര്‍ണ അറിവോടെയാണ്, ഞങ്ങള്‍ കെട്ടിപ്പടുക്കുന്ന സ്വാതന്ത്ര്യത്തിനുള്ള വിലയാണത്. പി.എം. ആര്‍ഷൊക്ക് അഭിവാദ്യങ്ങള്‍,’ എന്നാണ് എസ്.എഫ്.ഐയുടെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചത്. മുഷ്ടി ചുരട്ടി മുദ്രാവാക്യം വിളിക്കുന്ന ആര്‍ഷൊയുടെ ചിത്രമടങ്ങുന്ന പോസ്റ്റര്‍ ഷെയര്‍ ചെയ്താണ് എസ്.എഫ്.ഐ ഇങ്ങനെ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ആര്‍ഷൊക്ക് ജാമ്യം അനുവദിച്ചത്. റിമാന്‍ഡിലായിരുന്ന ആര്‍ഷൊക്ക് പി.ജി പരീക്ഷ എഴുതാനായി നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ഉപാധികളോടെ ജാമ്യം നല്‍കിയത്.

സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റത്തിലേര്‍പ്പെടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്. വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനാണ് ആര്‍ഷൊ അറസ്റ്റിലായിരുന്നത്.

2018ല്‍ എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍വെച്ച് വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഇക്കഴിഞ്ഞ ജൂണില്‍ ആര്‍ഷൊയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസില്‍ ഇതുവരെ അന്വേഷണം പൂര്‍ത്തിയാകാത്തതുമായി ബന്ധപ്പെട്ട് പൊലീസിനെ അതിരൂക്ഷമായി വിമര്‍ശിച്ചാണ് കോടതി നേരത്തെ ആര്‍ഷൊയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നത്. പിന്നാലെ ജൂലൈ 22ന് ആര്‍ഷോയ്ക്ക് കോടതി പരീക്ഷ എഴുതുന്നതിന് ഇടക്കാല ജാമ്യം നല്‍കുകയായിരുന്നു.പരീക്ഷ എഴുതാന്‍ ആവശ്യമായ ഹാജര്‍ ആര്‍ഷോയ്ക്ക് ഇല്ലെന്നും നിയമ വിരുദ്ധമായിട്ടാണ് ഹാള്‍ ടിക്കറ്റ് നല്‍കിയത് എന്നും പരാതിക്കാരന്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, ഹാള്‍ ടിക്കറ്റ് നല്‍കിയ സാഹചര്യത്തില്‍ ആര്‍ഷൊ പരീക്ഷ എഴുതട്ടെയെന്ന് അന്ന് കോടതി നിലപാട് എടുത്തു.

നാല്‍പ്പതോളം കേസുകളില്‍ പ്രതിയാണ് ആര്‍ഷൊ. എസ്.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ആര്‍ഷൊയെ പെരിന്തല്‍മണ്ണയില്‍ വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇതിന് തൊട്ടുപിന്നാലെയായിരുന്നും ആര്‍ഷൊ വീണ്ടും അറസ്റ്റിലായത്.

CONTENT HIGHLIGHTS:  SFI  Regards State Secretary P.M. Arsho who got bail in the attempt to murder case
We use cookies to give you the best possible experience. Learn more