കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ പുതിയ അംഗങ്ങളുടെ ആദ്യ സെനറ്റ് യോഗം പൂര്‍ത്തിയായി. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത സംഘപരിവാര്‍ അനുകൂലികളെ പുറത്ത് നിര്‍ത്തിയാണ് യോഗം പൂര്‍ത്തിയാക്കിയത്. എസ്.എഫ്.ഐ പ്രതിഷേധത്തെ തുടര്‍ന്നാണ് സംഘപരിവാര്‍ അനുകൂലികളായ സെനറ്റ് അംഗങ്ങള്‍ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത്.
സംഘപരിവാര്‍ അനുകൂലികളായ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കാനായി സര്‍വകലാശാല കാമ്പസിലെത്തിയിരുന്നെങ്കിലും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇവരെ സെനറ്റ് യോഗം നടക്കുന്ന ഹാളിന് പുറത്ത് തടയുകയായിരുന്നു. പിന്നീട് പൊലീസെത്തി എസ്.എഫ്.ഐ പ്രവര്‍ത്തകരെ മാറ്റാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും യോഗം അവസാനിച്ചിരുന്നു.
ഇന്ന് സെനറ്റ് യോഗം ചേരാനിരിക്കെ രാവിലെ മുതല്‍ യോഗം നടക്കുന്ന ഹാളിന് പുറത്ത് വലിയ പ്രതിഷേധം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരുന്നു. യോഗത്തിനെത്തുന്ന ഓരോരുത്തരെയും പേരും അവരുടെ പശ്ചാത്തലവും പരിശോധിച്ചായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അകത്തേക്ക് കയറ്റി വിട്ടിരുന്നത്.
യു.ഡി.എഫ്, ഇടത് സെനറ്റ് അംഗങ്ങളെ അകത്തേക്ക് കയറ്റി വിട്ട എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അകത്തേക്ക് കയറ്റി വിട്ടപ്പോള്‍ ബി.ജെ.പി അനുകൂലികളായ അഞ്ച് പേരെ അകത്തേക്ക് കയറ്റിവിട്ടില്ല. യോഗം നടക്കുന്ന ഹാളിന്റെ കവാടം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൈയേറിയതിനെതിരെ യു.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി.
അതേ സമയം യോഗത്തില്‍ വി.സിക്കെതിരെ യു.ഡി.എഫ് അംഗങ്ങളും പ്രതിഷേധം രേഖപ്പെടുത്തിയതായി യോഗം പൂര്‍ത്തായാക്കി പുറത്തിറങ്ങിയ വള്ളിക്കുന്ന് എം.എല്‍.എയും മുസ്‌ലിം ലീഗ് നേതാവുമായ പി. അബദുല്‍ ഹമീദ് പറഞ്ഞു. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സര്‍വകലാശാലകളെ മാര്‍ക്‌സിസ്റ്റുവത്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ കാവിവത്കരിക്കാനും ശ്രമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
content highlights: SFI protest; Sangh Parivar supporters were kept out of the Senate meeting in Calicut