കാസര്‍ഗോഡ്: കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ ആര്‍.എസ്.എസ് നേതാവ് ഗുന്താ ലക്ഷ്മണനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. സര്‍വകലാശാല സംഘടിപ്പിച്ച വനിതാ ദിന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ആര്‍.എസ്.എസ് അനുകൂല അധ്യാപക സംഘടനയുടെ നേതാവ് കൂടിയായ ഗുന്ത ലക്ഷ്മണ. ഇദ്ദേഹത്തോടൊപ്പം ജെ.എന്‍.യു വൈസ് ചാന്‍സലറും ചടങ്ങിനെത്തിയിരുന്നു.
ഗുന്താ ലക്ഷ്മണയെ ക്യമ്പസിനകത്ത് പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധമാരംഭിച്ചത്. എന്നാല്‍ പൊലീസ് സന്നാഹത്തോടെ രാവിലെ ഗുന്താ ലക്ഷ്മണ കോളേജിനകത്ത് പ്രവേശിക്കുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.
തുടര്‍ന്ന് വേദിക്ക് പുറത്ത് തടിച്ച കൂടിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗുന്താ ലക്ഷ്മണക്കെതിരെ മുദ്രാവാക്യം മുഴക്കി. പൊലീസ് ഇവരെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. ഇതിനിടയില്‍ ചില വിദ്യാര്‍ത്ഥികള്‍ പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഗേറ്റ് ചാടിക്കടന്ന് സ്റ്റേജിനടുത്തേക്ക് ഓടിക്കയറി ഗുന്താ ലക്ഷ്മണയുടെ പ്രസംഗം തടസപ്പെടുത്തി.
എസ്.എഫ്.ഐ കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമടക്കമുള്ളവര്‍ പുറത്ത് നിന്നും പ്രതിഷേധവുമായി സര്‍വകലാശാലയിലെത്തിയിരുന്നു. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Content Highlight: sfi protest against rss leader