ധനമന്ത്രി പ്രഖ്യാപിച്ച വിദേശ സര്‍വകലാശാലയില്‍ ആശങ്ക; എതിര്‍പ്പുമായി എസ്.എഫ്.ഐ
Kerala News
ധനമന്ത്രി പ്രഖ്യാപിച്ച വിദേശ സര്‍വകലാശാലയില്‍ ആശങ്ക; എതിര്‍പ്പുമായി എസ്.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th February 2024, 3:38 pm

 

കോഴിക്കോട്: ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സഭയില്‍ അവതരിപ്പിച്ച ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ എതിര്‍പ്പുമായി എസ്.എഫ്.ഐ. ഈ പ്രഖ്യാപനത്തില്‍ വലിയ ആശങ്കകളുണ്ടെന്നും ഇത് സര്‍ക്കാരിനെ അറിയിക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷ കെ. അനുശ്രീ പറഞ്ഞു.

പ്രൊഫസര്‍ ഷീജ ആണ്ടവന്റെ ഗോഡ്‌സെ അനുകൂല പരാമര്‍ശത്തില്‍ കോഴിക്കോട് എന്‍.ഐ.ടിയിലേക്ക് നടത്തിയ വിദ്യാര്‍ത്ഥി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ. അനുശ്രീ.

സ്വകാര്യ സര്‍വകലാശാലകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കണം. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു തരത്തിലുള്ള വിവേചനവും ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും അനുശ്രീ പറഞ്ഞു.

അതേസമയം, കേരളത്തില്‍ വിദേശ സര്‍വകലാശാല ക്യാമ്പസുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

വിദേശ സര്‍വകലാശാല ക്യാമ്പസുകള്‍ സ്ഥാപിക്കുന്നതിനുള്ള അവസരങ്ങള്‍ യു.ജി.സി മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പരിശോധിക്കുമെന്നും സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

ജനകീയ പങ്കാളിത്തത്തോടെ ഫണ്ട് ശേഖരിക്കാന്‍ ഉന്നത വിദ്യാഭ്യാസ നിക്ഷേപ നയം രൂപീകരിക്കുമെന്നും ഇതിനായി ഓഗസ്റ്റില്‍ ഹയര്‍ എജ്യൂക്കേഷന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇനിഷ്യേറ്റീവ് ഗ്ലോബല്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

സ്വകാര്യ സര്‍വകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബജറ്റില്‍ അല്ല ആദ്യമായി അവതരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

Content highlight: SFI opposes announcement of foreign universities in budget