തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തിന് പിന്നാലെയാണ് സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായി നടക്കുന്ന മാനേജ്‌മെന്റ് പീഡനങ്ങള്‍ പുറത്തുവരുന്നത്.
എന്നാല്‍ നെഹ്‌റു കോളേജിലെ സമരത്തിന് പിന്നാലെ ലോ അക്കാദമി സമരം ആരംഭിച്ചപ്പോള്‍ എല്ലാവരുടേയും ശ്രദ്ധ അതിലേക്ക് മാറി. ലോ അക്കാദമി സമരത്തിന് ലഭിച്ച ഒരു പിന്തുണയും തങ്ങളുടെ സമരത്തിന് ലഭിച്ചില്ലെന്നാണ് എസ്.എഫ്.ഐ പറയുന്നത്.
ലോ അക്കാദമി സമരത്തിന് ലഭിച്ച പിന്തുണ ജിഷ്ണുവിന്റെ മരണവുമായിബന്ധപ്പെട്ട് തങ്ങള്‍ നടത്തിയ സമരത്തിന് ലഭിച്ചില്ലെന്ന് പാമ്പാടി നെഹ്‌റു കോളേജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അതുല്‍ ജോസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ജിഷ്ണുവിന്റെ മരണത്തിന് ശേഷം കാമ്പസില്‍ തങ്ങള്‍ സമരം ആരംഭിച്ചപ്പോള്‍ ഞങ്ങളുടെ സമരത്തിന് എല്ലാ പിന്തുണയും ലഭിച്ചിരുന്നു. എന്നാല്‍ ലോ അക്കാദമി സമരം ആരംഭിച്ച ശേഷം ആ പിന്തുണ ഇല്ലാതായി.
ലോ അക്കാദമയിയില്‍ സമരം തുടങ്ങിയതോടെ എല്ലാവരുടേയും ശ്രദ്ധ അവിടേക്കായി. വിദ്യാര്‍ത്ഥികളായാലും നേതാക്കളായാലും അവരുടെ പിന്തുണ തുടക്കത്തില്‍ ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇങ്ങോട്ട് ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥായി.
മാധ്യമശ്രദ്ധയായാലും അല്ലെങ്കില്‍ പല രീതിയിലുള്ള പിന്തുണയായാലും ഞങ്ങള്‍ക്ക് അത് ലഭിച്ചില്ല. ജിഷ്ണുവിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമരം ചെയ്തതിനാണ് മാനേജ്‌മെന്റ് ഇപ്പോള്‍ പ്രതികാര നടപടി സ്വീകരിച്ചിരിക്കുന്നത്.
സമരത്തിന് നേതൃത്വം നല്‍കിയ നാല് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ ഇന്നലെ വിളിപ്പിച്ചിരുന്നു. നിങ്ങളുടെ മക്കള്‍ കോളേജിനെതിരെ പ്രവര്‍ത്തിച്ചെന്നും കോളേജിനെതിരെ സമരം ചെയ്ത അവരെ ഇവിടെ തുടര്‍ന്ന് പഠിപ്പിക്കുന്ന കാര്യം തിങ്കളാഴ്ച നടക്കുന്ന മീറ്റിങ്ങിന് ശേഷം മാത്രമേ പറയാന്‍ കഴിയുകയുള്ളൂ എന്നുമായിരുന്നു മാനേജ്‌മെന്റ് പറഞ്ഞത്.
എല്ലാ രക്ഷിതാക്കളേയും വിളിപ്പിച്ച യോഗത്തില്‍ ഈ നാല് പേരുടെ രക്ഷിതാക്കളെ ഒഴിവാക്കുകയും ചെയ്തു. മാനേജ്‌മെന്റിന്റെ ഈ നിലപാടിനെ തുടര്‍ന്ന എല്ലാ വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ക്ലാസ് ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്. കോളേജിന് മുന്‍പിലുള്ള റോഡ് ഉപരോധിച്ചാണ് ഞങ്ങള്‍ സമരം ശക്തമാക്കുന്നത്.
എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും പങ്കെടുക്കുന്നുണ്ട്. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഏരിയാ സെക്രട്ടറി തുടങ്ങിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെയാണ് കോളേജില്‍ നിന്ന് പുറത്താക്കിയത്.
കോളേജില്‍ നിന്ന് പുറത്താക്കുന്നതായി കാണിച്ച് തങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടില്ല. രക്ഷിതാക്കളോട് ഇക്കാര്യം നേരിട്ട് പറയുകയായിരുന്നു. ജിഷ്ണുവിന്റെ മരണത്തില്‍ കോളേജിനെതിരെ പ്രവര്‍ത്തിച്ചു എന്ന് പറഞ്ഞാണ് ഞങ്ങള്‍ക്കെതിരെ പ്രതികാര നടപടിയെടുന്നതെന്നും അതുല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കോളേജിനെതിരായി വരുന്ന എല്ലാ സംഗതികളും ഒതുക്കിത്തീര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായി രംഗത്തെത്താന്‍ തന്നെയാണ് തീരുമാനം. പുറത്താക്കള്‍ നടപടിയെ എതിര്‍ത്തതുകൊണ്ട് തന്നെ വീണ്ടും ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട സമരത്തിലേക്ക് തിരിച്ചുവരാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.
കോളേജില്‍ ആരോപണം നേരിടുന്ന അധ്യാപകര്‍ക്കെതിരെ നടപടി വേണം.പി.ആര്‍.ഒ സജ്ജീവിനെ പുറത്താക്കണം. ഇതുവരെ കോളേജില്‍ ഒരു യൂണിയന് ഇല്ല. അത് വേണം. ശക്തമായ പി.ടി.എ സ്ഥാപിക്കണം, ഇവിടെ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ട്. താടിവെക്കരുത് മീശ വെക്കരുത് ടാഗ് വേണം അതില്ലെങ്കില്‍ ഫൈന്‍ വാങ്ങുക അങ്ങനെയുള്ള പല കാര്യങഅങളും ഇവിടെ നടക്കുന്നുണ്ട്. അതെല്ലാം അവസാനിപ്പിക്കണം.- അതുല്‍ പറയുന്നു.
ജിഷ്ണുവിന്റെ മരണമടക്കമുള്ള വിവരങ്ങള്‍ പുറത്തെത്തിക്കുകയും സമരം ചെയ്യുകയും ചെയ്ത വിദ്യാര്‍ഥികളെയാണ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്. ഒരു മാസത്തോളം അടഞ്ഞുകിടന്ന കോളജ് കഴിഞ്ഞ ദിവസം മുതല്‍ ഓരോ വിഭാഗങ്ങളായി തുറന്നു പ്രവര്‍ത്തിച്ചിരുന്നു. അതിന്റെ ഭാഗമായി ഫാര്‍മസി കോളജ് തുറക്കുന്നതിനു മുന്‍പു വിളിച്ച അധ്യാപക രക്ഷാകര്‍തൃ യോഗത്തിലേക്കു നാലു വിദ്യാര്‍ഥികളുടെ മാതാപിതാക്കളെ മാത്രം വിളിച്ചില്ല.
ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് അവര്‍ക്കെതിരെ നടപടിയെക്കുകയാണെന്നും അതിനാലാണു മാതാപിതാക്കളെ വിവരം അറിയിക്കാത്തതെന്നും കോളജില്‍നിന്ന് അറിയിച്ചത്. കോളജിനെതിരെ പ്രവര്‍ത്തിച്ചുവെന്ന വിശദീകരണമാണ് ഇതിനു കാരണമായി അധികൃതര്‍ പറഞ്ഞത്. നാലാം വര്‍ഷ വിദ്യാര്‍ഥികളായ അതുല്‍ ജോസ്, നിഖില്‍ ആന്റണി, സുജേഷ്, മുഹമ്മദ് ആഷിഖ് എന്നിവര്‍ക്കെതിരെയാണു നടപടിയെടുത്തത്.