ന്യൂദല്‍ഹി: തിരുവനന്തപുരം ലോ കോളേജില്‍ എസ്.എഫ്.ഐ കെ.എസ്.യുവിന്റെ വനിതാ പ്രവര്‍ത്തകരെയടക്കം മര്‍ദിച്ച വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച് ഹൈബി ഈഡന്‍ എം.പി.
നിരന്തരമായ ആക്രമണങ്ങള്‍ ദിവസം തോറും എസ്.എഫ്.ഐ കലാലയങ്ങളിലഴിച്ചുവിടുന്നുവെന്നും ഭീകരസംഘടനകളെ പോലെ എസ്.എഫ്.ഐയെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വിധ ഒത്താശയോടെയാണ് എസ്.എഫ്.ഐ സംസ്ഥാനത്തെ കലാലയങ്ങളില്‍ ആക്രമം നടത്തുന്നതെന്നും കേന്ദ്രമിടപെട്ട് എസ്.എഫ്.ഐയെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഒരു വിദ്യാര്‍ത്ഥിനി വളരെ ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയയായിരിക്കുകയാണ്. കെ.എസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റ് സഫ്‌നയെയും സഹപ്രവര്‍ത്തകരെയും എസ്.എഫ്.ഐ ഗുണ്ടകള്‍ ആക്രമിച്ചിരിക്കുകയാണ്.
ഭീകരസംഘടനകളെ പോലെ കേരളത്തില്‍ എസ്.എഫ്.ഐയെ നിരോധിക്കണം. ഓരോ ദിവസവും ഇവര്‍ നടത്തുന്ന ആക്രമണങ്ങള്‍ ചിന്തിക്കാന്‍ പോലും സാധിക്കാത്തതാണ്,’ ലോക്‌സഭയില്‍ അദ്ദേഹം പറഞ്ഞു.
എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എം.എല്‍.എയും രംഗത്തെത്തിയിരുന്നു.
കേരളത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരേയും ഗുണ്ടകളേയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് തിരുവനന്തപുരം ലോ കോളേജില്‍ കെ.എസ്.യു വനിതാ പ്രവര്‍ത്തകയെ അടക്കം എസ്.എഫ്.ഐക്കാര്‍ അതിക്രൂരമായി മര്‍ദിച്ചതെന്നും നിയമസഭയില്‍ പ്രസംഗിക്കവെ വി.ഡി. സതീശന്‍ പറഞ്ഞു
തിരുവനന്തപുരം ഗവ. ലോ കോളേജില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.
വാക്കുതര്‍ക്കത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകനും പരിക്കേറ്റിരുന്നു.
കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്ന യാക്കൂബ്, ജനറല്‍ സെക്രട്ടറി ആഷിഖ് അഷറഫ്, നിതിന്‍ തമ്പി, എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി അംഗം അനന്ദു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 8.15-ഓടെയായിരുന്നു സംഭവം.