| Monday, 17th June 2024, 6:49 pm

നീറ്റ് ക്രമക്കേട്; പൊതുതാത്പര്യ ഹരജിയുമായി എസ്.എഫ്.ഐ സുപ്രീം കോടതിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടില്‍ പൊതുതാത്പര്യ ഹരജിയുമായി എസ്.എഫ്.ഐ സുപ്രീം കോടതിയിലേക്ക്. പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കണമെന്നാണ് ഹരജിയില്‍ എസ്.എഫ്.ഐ ആവശ്യപ്പെടുന്നത്. നിലവില്‍ വ്യാപക പ്രതിഷേധങ്ങളാണ് എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ എന്‍.ടി.എക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും നടത്തുന്നത്.

ജൂണ്‍ 19, 20 ദിവസങ്ങളില്‍ എ.ഐ.എസ്.എ (ഓള്‍ ഇന്ത്യന്‍ സ്റ്റുഡന്റ് അസോസിയേഷന്‍) പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ പണിമുടക്ക് ശക്തമാക്കുമെന്ന് നേതൃത്വം അറിയിച്ചു.

തിങ്കളാഴ്ച രാവിലെ ബീഹാറില്‍ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി സ്ഥിരീകരിച്ചിരുന്നു. ബീഹാര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് വിവരം സ്ഥിരീകരിച്ചത്. തുടര്‍ന്ന് 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നാല് പേര്‍ വിദ്യാര്‍ത്ഥികളാണ്.

ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കുന്നതിനായി ആവശ്യപ്പെട്ട 30 ലക്ഷം രൂപയുടേതെന്ന് കരുതുന്ന ആറ് പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു.ബാങ്കുകളില്‍ നിന്ന് അക്കൗണ്ട് ഉടമകളുടെ വിശദശാംശങ്ങള്‍ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ചില ഉദ്യോഗാര്‍ത്ഥികള്‍ 20 മുതല്‍ 30 ലക്ഷം രൂപ വരെ നല്‍കി ചോദ്യപേപ്പറുകള്‍ വാങ്ങിയിട്ടുണ്ടെന്നും ഉന്നത മാര്‍ക്ക് ലഭിച്ചവരുടെ റാങ്ക് ലിസ്റ്റില്‍ അവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ഞായറാഴ്ച, പരീക്ഷയില്‍ ക്രമക്കേടുകള്‍ നടന്നെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞതിന് പിന്നാലെയാണ് ബീഹാറില്‍ നിന്നുള്ള വിവരം പുറത്തുവന്നത്. രണ്ടിടങ്ങളില്‍ ക്രമക്കേടുകള്‍ നടന്നെന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞത്.

ക്രമക്കേടില്‍ നീറ്റ് പരീക്ഷയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ എന്‍.ടി.എയ്ക്ക് സാധിച്ചില്ലെന്ന് സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. പരീക്ഷയിലെ ക്രമക്കേടുകള്‍ മൂലം ഈ മാസം 23ന് 1523 വിദ്യാര്‍ത്ഥികള്‍ക്ക് പുനഃപരീക്ഷ നടത്താന്‍ സുപ്രീം കോടതി ഉത്തരവും നല്‍കിയിരുന്നു.

Content Highlight: SFI moves Supreme Court with Public Interest Litigation in NEET exam irregularities

We use cookies to give you the best possible experience. Learn more