തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐയുടെ സദാചാര ഗുണ്ടായിസം
Kerala
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐയുടെ സദാചാര ഗുണ്ടായിസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th February 2017, 7:55 am

മര്‍ദ്ദനത്തില്‍ പരിക്കേറ്റ ജിജീഷ് (ചിത്രം കടപ്പാട് മീഡിയാ വണ്‍)

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പെണ്‍സുഹൃത്തുക്കളോടൊപ്പമെത്തിയ യുവാവിനെ എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ചു. തൃശ്ശൂര്‍ സ്വദേശി ജിജീഷിനും കോളേജ് വിദ്യാര്‍ത്ഥിനികളായ അസ്മിതയ്ക്കും സൂര്യഗായത്രിക്കുമാണ് മര്‍ദ്ദനമേറ്റത്. കേളേജില്‍ നാടകം കാണാനെത്തിയ തന്നെ പെണ്‍കുട്ടികളുടെ അടുത്തിരുന്നതിന്റെ പേരില്‍ മര്‍ദ്ദിച്ചു എന്നാണ് ജിജീഷ് പറയുന്നത്.


Also read ജെ.എന്‍.യുവിലെ രാജ്യദ്രോഹ വിവാദങ്ങള്‍ക്ക് ഒരു വയസ്; കുറ്റപത്രം സമര്‍പ്പിക്കാനാകെ പൊലീസ് 


“നിനക്ക് പെണ്‍കുട്ടികള്‍ക്കൊപ്പമല്ലാതെ ഇരിക്കാന്‍ പറ്റില്ലേ എന്നാണ് വിദ്യാര്‍ത്ഥികള്‍ ചോദിച്ചത്. കോളേജിനു പുറത്തുള്ള ഒരാള്‍ ഇങ്ങനെ ഇരിക്കണ്ട എന്നും പറഞ്ഞും. പോകുവാന്‍ നില്‍ക്കുകായണെന്ന് പറഞ്ഞപ്പോള്‍ നില്‍ക്കണ്ട എന്ന് പറഞ്ഞാണ് തല്ലിയത്. ആദ്യം ഒരാളാണ് തല്ലിയത്. പിന്നെ പത്തിലധികം പേരുണ്ടായിരുന്നെന്നു ജിജീഷ് പറയുന്നു. ഓടിയപ്പോള്‍ ഓടിച്ചിട്ട് പിടിച്ച് ഗേറ്റ് പൂട്ടിയായിരുന്നു തല്ലിയതെന്നും നിലത്തിട്ട് ചവിട്ടുകയും ചെയ്‌തെന്നും ജിജീഷ് പറഞ്ഞു.

തല്ലുന്നത് എതിര്‍ക്കാന്‍ ശ്രമിച്ച തങ്ങളെയും വിദ്യാര്‍ത്ഥികള്‍ തല്ലിയെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. തങ്ങളെ പിടിച്ച് തള്ളുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. വൈസ് പ്രിന്‍സിപ്പലും മറ്റു കുട്ടികളും നോക്കി നില്‍ക്കേയായിരുന്നു മര്‍ദ്ദനമെന്നും ഇവര്‍ പറഞ്ഞു. സ്ഥലത്ത് എത്തിയ പൊലീസ് അക്രമകാരികള്‍ക്കെതിരെ നടപടിയെടുക്കാതെ യൂണിവേഴ്‌സിറ്റി ക്യാമ്പസാണെന്ന് അറിയില്ലെ എന്നാണ് തങ്ങളോട് ചോദിച്ചതെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.


Dont miss വിഷമഘട്ടത്തില്‍ ഊര്‍ജ്ജം പകര്‍ന്നത് സച്ചിന്റെ വാക്കുകള്‍; ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അവസരം കാത്തു നില്‍ക്കുന്ന കുല്‍ദീപ് യാദവ് സംസാരിക്കുന്നു


അക്രമത്തില്‍ പരിക്കേറ്റ ജിജീഷിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിജീഷിന്റെ നെഞ്ചിലും പുറത്തും മര്‍ദ്ദനമേറ്റ പാടുകളുണ്ട്. അക്രമകാരികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന ആരോപണമുണ്ട്. കോളേജില്‍ നിന്നു പുറത്തെത്തി പെണ്‍കുട്ടികളെ ശല്ല്യം ചെയ്തയാളെ പൊലീസില്‍ ഏല്‍പ്പിച്ചുവെന്നാണ് സംഭവത്തെക്കുറിച്ച് എസ്.എഫ്.ഐ നല്‍കുന്ന വിശദീകരണം.