കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ എസ്.എഫ്.ഐയ്‌ക്കെതിരെ സദാചാര ഗുണ്ടായിസം ആരോപിച്ച് യുവതിയുടെ പരാതി. തൃശൂര്‍ സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്.
സര്‍വ്വകലാശാല യൂണിയന്‍ കലോത്സവം കാണാനെത്തിയ പൂര്‍വ്വ വിദ്യാര്‍ഥിയായ തന്നെയും സുഹൃത്തായ യുവാവിനെയും ക്യാമ്പസില്‍വെച്ച് മര്‍ദ്ദിച്ചെന്നാണ് യുവതിയുടെ പരാതി. തന്റെ ബാഗ് തട്ടിയെടുത്ത സംഘം പിറ്റേന്നാണ് തിരിച്ചുനല്‍കിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
നാലു എസ്.എഫ്.ഐക്കാര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഇവരെ കണ്ടാല്‍ അറിയാമെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 21ന് രാത്രിയായിരുന്നു സംഭവം നടന്നത്. പേടികൊണ്ട് പുറത്തുപറയാതിരുന്ന ഇരുവരും കഴിഞ്ഞദിവസമാണ് പൊലീസില്‍ പരാതി നല്‍കിയത്. കാലടി സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ക്കു ഇമെയില്‍ വഴിയാണ് യുവതി പരാതി നല്‍കിയത്.
“കലോത്സവത്തിനു കൂട്ടുകാര്‍ വിളിച്ചതു പ്രകാരം വന്നതാണ്. രാത്രി പരിപാടികള്‍ കഴിഞ്ഞ് ക്യാമ്പസിലെ കൂത്തമ്പലത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തി. അതില്‍ ഒരു സുഹൃത്തുമൊത്ത് സംസാരിച്ചിരിക്കുമ്പോള്‍ പതിനഞ്ചോളം വരുന്ന സംഘം അടുത്തെത്തി ചോദ്യം ചെയ്തു. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇല്ലെന്നു പറഞ്ഞപ്പോള്‍ അവര്‍ എന്റെ ബാഗ് തട്ടിപ്പറിച്ചു.” യുവതി പരാതിയില്‍ പറയുന്നു.
“ലാപ്‌ടോപ്പും വസ്ത്രങ്ങളും ബാഗില്‍ നിന്ന് വലിച്ച് താഴെയിട്ട് അപമാനിച്ചു. ഇതുതടയാന്‍ ശ്രമിച്ച സുഹൃത്തിനെ അവര്‍ മര്‍ദ്ദിച്ചു. ഞാനും സുഹൃത്തും അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.” എന്നും യുവതി പറയുന്നു.
ഒരു സുഹൃത്തുമായി ബന്ധപ്പെട്ടാണ് പിറ്റേന്ന് ബാഗു തിരിച്ചുകിട്ടിയത്. തനിക്കുനേരേയുണ്ടായ ഈ സദാചാര ഗുണ്ടായിസം തന്റെ സ്വകാര്യതയെ സംരക്ഷിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്.
മര്‍ദ്ദനത്തിന് ഇരയായ യുവാവ് നേരത്തെ ആലുവ റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്മേല്‍ അന്വേഷണം നടന്നുവരികയാണ്.