വയനാട്: ബത്തേരി സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വയനാട് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
നൂറോളം വരുന്ന എസ്.എഫ്.ഐക്കാര്‍ കളക്ട്രേറ്റിനകത്തേക്ക് ഓടിക്കയറി. പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വിവിധ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടു. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും കളക്ട്രേറ്റ് ഉപരോധിക്കുകയാണ്.
ഷഹ്‌ലയുടെ മരണത്തിന് കാരണക്കാരായ എല്ലാവര്‍ക്കുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സ്‌കൂളിനു പുറത്ത് വിദ്യാര്‍ഥികളുടെ സമരം നടക്കുന്നുണ്ട്. അതുവരെ ക്ലാസില്‍ കയറില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. പ്രതീകാത്മകമായി പാമ്പിനെ കഴുത്തില്‍ ചുറ്റിയാണ് സമരം.
അതേസമയം, ഷഹ്‌ല മരിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി ജില്ലാ കലക്ടര്‍ക്കും പൊലീസ് മേധാവിയ്ക്കും നോട്ടീസയച്ചു.
വിദ്യാര്‍ഥിക്ക് ചികിത്സ നല്‍കുന്നതില്‍ അനാസ്ഥ കാണിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ അംഗം യശ്വന്ത് ജയിന്‍ അറിയിച്ചു. ആവശ്യമെങ്കില്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
സ്‌കൂളില്‍ ജില്ലാ ജഡ്ജി എ.ഹാരിസ് പരിശോധന നടത്തിയിരുന്നു. സ്‌കൂളിലേത് ശോച്യാവസ്ഥയാണെന്നും സ്‌കൂളിനു വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞിരുന്നു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍പേഴ്‌സണും കൂടെയുണ്ടായിരുന്നു.
ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഹാരിസ് താക്കീത് നല്‍കി. ഇന്ന് 2.30ന് വിദഗ്ദ സമിതിയുടെ യോഗം ചേരുന്നുണ്ട്. പ്രധാനാധ്യാപകനും പി.ടി.എ പ്രസിഡന്റും യോഗത്തില്‍ പങ്കെടുക്കണമെന്നും ജില്ലാ ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും ക്ലാസ് മുറികള്‍ വേണ്ടവിധത്തില്‍ പരിപാലിക്കാത്തതുമാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമായതെന്ന് സ്‌കൂളിലെ മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.