| Thursday, 1st February 2024, 8:25 pm

എന്‍.ഐ.ടിയിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച്; പ്രതിഷേധത്തില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്ന ദിവസം ക്യാമ്പസില്‍ ഇന്ത്യയുടെ ഭൂപടം കാവിയില്‍ വരച്ചതിനെതിരെ പ്രതിഷേധിച്ചതിന് ദളിത് വിദ്യാര്‍ത്ഥിയെ സസ്‌പെന്റ് ചെയ്തതില്‍ എന്‍.ഐ.ടിയിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച്. പ്രതിഷേധത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റുമുട്ടലില്‍ മുഖത്ത് പരിക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദളിത് വിദ്യാര്‍ത്ഥിയുടെ സസ്പെന്‍ഷന്‍ ഉടനെ പിന്‍വലിക്കണമെന്നാണ് എസ്.എഫ്.ഐ ഉയര്‍ത്തുന്ന ആവശ്യം. വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം തുടരുമ്പോഴും എന്‍.ഐ.ടി അധികൃതര്‍ വിഷയത്തില്‍ പ്രതികരണം നടത്തുന്നില്ലായെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ രംഗത്തെത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വിദ്യാര്‍ത്ഥിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകളായ കെ.എസ്.യു, ഫ്രറ്റേണിറ്റി അടക്കമുള്ളവര്‍ ക്യാമ്പസിലേക്ക് നേരത്തെ പ്രതിഷേധ മാര്‍ച്ച് നടത്തിയുരുന്നു.

ക്യാമ്പസിന് പുറത്ത് ത്രിവര്‍ണ നിറത്തിലുള്ള ഇന്ത്യയുടെ ഭൂപടം പ്രദര്‍ശിപ്പിച്ചുകൊണ്ട് കെ.എസ്.യു എന്‍.ഐ.ടി അധികൃതര്‍ക്കെതിരെ പ്രതിഷേധം നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ മതേതര രാഷ്ട്രമാണെന്നും ഇവിടെ ജനാധിപത്യപരമായി വിയോജിപ്പ് പ്രകടപ്പിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ത്യയുടെ ഭൂപടം കാവിയില്‍ വരച്ചത് കൂടാതെ ക്യാമ്പസില്‍ എസ്.എന്‍.എസ് എന്ന ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ അനുകൂല പ്രചരണം സംഘടിപ്പിക്കുകയും ജയ്ശ്രീറാം മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍സ് നാലാം വര്‍ഷ വിദ്യാര്‍ത്ഥി, ‘ഇന്ത്യ രാമരാജ്യം അല്ല മതേതര രാജ്യമാണ്’ എന്ന പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം നടത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ എന്‍.ഐ.ടി അധികൃതര്‍ സസ്പെന്റ് ചെയ്യുകയായിരുന്നു.

Content Highlight: SFI March to NIT

We use cookies to give you the best possible experience. Learn more