| Saturday, 23rd July 2016, 12:32 pm

റാംഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം: എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വടകരയില്‍ റാഗിങ്ങില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളേജിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.

സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജ് കെട്ടിടം അടിച്ചു തകര്‍ത്തു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്.

ഇന്നലെയാണ് തോടന്നൂര്‍ തയ്യുള്ളതില്‍ ഹമീദിന്റെ മകള്‍ അസ്‌നാസ്(18) വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ചത്. ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലെ രണ്ടാം വര്‍ഷ മൈക്രോബയോളജി വിദ്യാര്‍ഥിനിയായിരുന്നു അസ്‌നാസ്. കഴിഞ്ഞ ദിവസം കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുമായി റാഗിങ്ങിനെ ചൊല്ലി പ്രശ്‌നമുണ്ടായിരുന്നു.

മുതിര്‍ന്ന വിദ്യാര്‍ഥികള്‍, അസ്‌നാസിനെ അപമാനിക്കാന്‍ ശ്രമിച്ചതായി സഹപാഠികള്‍ ബന്ധുക്കളോട് പറഞ്ഞു. വിദ്യാര്‍ഥികളുടെ പരിഹാസം കൂടിയായതോടെ മനംമടുത്ത് ആത്മഹത്യ ചെയ്‌തെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

അതേസമയം, പെണ്‍കുട്ടി റാഗിങ്ങിനിരയായതായി വ്യക്തമായിട്ടും കോളജ് അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചില്ലെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്.റാഗിങ് നടന്നാല്‍ ഉടനെ വിവരം കോളജില്‍നിന്നു തന്നെ പൊലീസിനെ അറിയിക്കണമെന്നാണു ചട്ടം. പക്ഷെ, കോളജ് അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നില്ല.സംഭവത്തെക്കുറിച്ച് വടകര പൊലീസ് അന്വേഷണം തുടങ്ങി.

We use cookies to give you the best possible experience. Learn more