| Saturday, 11th November 2023, 4:05 pm

ഹൈദരാബാദ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും നേടി എസ്.എഫ്.ഐ സഖ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും നേടി എസ്.എഫ്.ഐ സഖ്യം. എസ്.എഫ്.ഐ, എ.എസ്.എ (അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ), ടി.എസ്.എഫ് (ട്രൈബൽ സ്റ്റുഡന്റ്സ് ഫോറം) എന്നീ പാർട്ടികളുടെ സഖ്യമാണ് യൂണിയൻ തെരഞ്ഞെടുപ്പ് നടന്ന ആറ് പോസ്റ്റുകളിലും ജയിച്ചത്.

1,880 വോട്ടുകൾ നേടിയ എസ്.എഫ്.ഐയുടെ മുഹമ്മദ്‌ അതീഖ് അഹമ്മദ് യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എ.ബി.വി.പിയുടെ ഷെയ്ഖ് ആയിഷയെ 470 വോട്ടുകൾക്കാണ് അതീഖ് പരാജയപ്പെടുത്തിയത്.

എ.ബി.വി.പിയുടെ ആദ്യ മുസ്‌ലിം സ്ഥാനാർത്ഥിയായിരുന്നു ആയിഷ.

എ.എസ്.എ-എസ്.എഫ്.ഐ സഖ്യത്തിന്റെ ജല്ലി ആകാശ് 1,671 വോട്ടുകളോടെ വൈസ് പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടു. 1,765 വോട്ടുകൾ നേടി എ.എസ്.എ-എസ്.എഫ്.ഐയുടെ ദീപക് കുമാർ ആര്യ ജനറൽ സെക്രട്ടറി ആയും 1,775 വോട്ടുകൾ നേടി എസ്.എഫ്.ഐ-ടി.എസ്.എഫിന്റെ ലാവുധി ബാല ആഞ്ജനേയുലു ജോയിന്റ് സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു.

എസ്.എഫ്.ഐയുടെ അതുൽ സ്പോർട്സ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ എ.എസ്.എ-എസ്.എഫ്.ഐ സഖ്യത്തിന്റെ സമീം അക്തർ ഷെയ്ഖ് ആണ് കൾച്ചറൽ സെക്രട്ടറി.

പി.ജി, ഇന്റഗ്രേറ്റഡ്, റിസേർച്ച് എന്നീ വിഭാഗങ്ങളിലെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന ജി.എസ് കാഷ് പോസ്റ്റിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികളാണ് വിജയിച്ചത്.

കൊവിഡ് മഹാമാരിയെ തുടർന്ന് 2022 വരെ അക്കാദമിക നടപടികൾ താളം തെറ്റിയതിനെ തുടർന്ന് മിക്ക കാമ്പസുകളിലും തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.

എന്നാൽ കഴിഞ്ഞ അക്കാദമിക വർഷത്തിന്റെ യൂണിയൻ തെരഞ്ഞെടുപ്പ് ഹൈദരാബാദ് കേന്ദ്രസർവകലാശാല ഈ വർഷം ഫെബ്രുവരിയിൽ നടത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും എസ്.എഫ്.ഐ-എ.എസ്.എ-ടി.എസ്.എഫ് സഖ്യം തന്നെയാണ് വിജയിച്ചത്.

Content Highlight: SFI-led alliance sweeps University of Hyderabad students’ union polls

We use cookies to give you the best possible experience. Learn more