പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയുടെ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ എസ്.എഫ്.ഐ നേതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍
Daily News
പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയുടെ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ എസ്.എഫ്.ഐ നേതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th January 2017, 9:48 am

sfi1
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയ എസ്.എഫ്.ഐ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്.എഫ്.ഐ ചവറ എരിയാ സെക്രട്ടറി അശ്വന്‍, പ്രസിഡന്റ് ജിതിന്‍ പത്രോസ്, ഏരിയാ കമ്മിറ്റി അംഗം രാഹുല്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

സി.പി.ഐ.എം ചവറ ഏരിയ കമ്മിറ്റി ജനുവരി 11 ന് സംഘടിപ്പിച്ച ഭാസ്‌കരന്‍ അനുസ്മരണ പരിപാടിയുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയതായിരുന്നു ഇവര്‍. ഞായറാഴ്ച രാത്രി ശക്തികുളങ്ങര ഭാഗത്ത് പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ മഴ പെയ്തതിനെ തുടര്‍ന്ന് സമീപത്തുള്ള കടയില്‍ കയറി നിന്ന ഇവരെ അതുവഴി വന്ന ശക്തികുളങ്ങര പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
sfi
എ.എസ്.ഐ ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പോസ്റ്റര്‍ ഒട്ടിക്കാന്‍ വേണ്ടി വന്നതാണെന്നു പറഞ്ഞിട്ടും പൊലീസ് വിട്ടില്ലെന്നാണ് ചവറയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നത്.


Must Read:ചെഗുവേര അക്രമകാരി: ഗ്രാമങ്ങളിലെ ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്ന് ബി.ജെ.പി


നേതാക്കളെ ഇവര്‍ ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നും ഇവര്‍ ആരോപിക്കുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ എസ്.എഫ്.ഐ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനു മുമ്പില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ഇവരെ കസ്റ്റഡിയിലെടുത്തതായി ശക്തികുളങ്ങര എസ്.ഐ ഫയസ് ഡൂള്‍ന്യൂസിനോടു സ്ഥിരീകരിച്ചു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇവരെ ചോദ്യം ചെയ്യുന്നതിനായാണ് കസ്റ്റഡിയിലെടുത്തതെന്നും ഇവരെ തിങ്കളാഴ്ച ഉച്ചയോടെ വിട്ടയച്ചെന്നും അദ്ദേഹം അറിയിച്ചു. ഇവര്‍ക്കെതിരെ കേസൊന്നും എടുത്തിട്ടില്ലെന്നും എസ്.ഐ വ്യക്തമാക്കി.


Must Read:എന്തധികാരത്തിന്റെ ബലത്തിലാണ് ജനങ്ങളുടെ പണത്തിന് റേഷന്‍ ഏര്‍പ്പെടുത്തിയത്? ആര്‍.ബി.ഐ ഗവര്‍ണറോട് പത്ത് ചോദ്യങ്ങള്‍