Kerala
മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന് കുത്തേറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jan 18, 04:35 am
Thursday, 18th January 2024, 10:05 am

കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന് കുത്തേറ്റു. എസ്.എഫ്.ഐ യുണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുല്‍ റഹ്‌മാനാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് ക്യാമ്പസില്‍ സംഘര്‍ഷം ഉണ്ടായത്. ഫ്രറ്റേണിറ്റിയാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചു. സാരമായ പരിക്കുകളോടെ നാസറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോളേജില്‍ നാടകപരിപാടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു നാസറിനെ മാരക ആയുധങ്ങളുമായി വന്ന സംഘം പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. ഇരുപത് പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് എസ്.എഫ്.ഐ ആരോപിക്കുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളേജില്‍ തുടരുന്ന ഫ്രറ്റേണിറ്റി-എസ് .എഫ്.ഐ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഈ ആക്രമണം എന്നാണ് പ്രാഥമിക നിഗമനം.

അധ്യാപകനെ ആക്രമിച്ചെന്ന് ആരോപിച്ച് ഫ്രറ്റേണിറ്റിക്കെതിരെ കോളേജില്‍ എസ്.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടുണ്ട്. നിലവില്‍ കോളേജില്‍ സംഘര്‍ഷാവസ്ഥയില്ല.

Content Highlight: SFI Leaser Stabbed at Maharajas College